പി.എം ശ്രീ: സമവായത്തിന് സി.പി.എം; സ്വരം കടുപ്പിച്ച് സി.പി.ഐ
text_fieldsതിരുവനന്തപുരം: മുന്നണിയിൽ സമവായത്തിലൂടെ പി.എം ശ്രീക്ക് കൈകൊടുക്കാൻ സി.പി.എം തയാറെടുക്കുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സി.പി.ഐ സ്വരം കടുപ്പിക്കുന്നു. തമിഴ്നാടിനെ പോലെ നിയമപോരാട്ടമടക്കം ബദൽ മാർഗങ്ങൾ മുന്നിലുണ്ടായിരിക്കെ അതിനൊന്നും തയാറാകാതെ കരാർ ഒപ്പുവെക്കാൻ സി.പി.എം ധൃതിപ്പെടുന്നത് എന്തിനെന്നാണ് സി.പി.ഐയുടെ ചോദ്യം.
എൻ.ഇ.പിയുടെ പ്രധാന നിബന്ധനകൾ ശക്തമായി എതിർത്ത തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചാണ് കേന്ദ്ര ഫണ്ട് നേടിയെടുത്തതെന്നും സി.പി.ഐ ഓർമിപ്പിക്കുന്നു. അതേസമയം, സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം വാങ്ങിയെടുക്കണമെന്നത് മുന്നണിയുടെ പൊതുനിലപാടാണെന്നും ഈ പൊതുനയത്തിൽ നിന്നുകൊണ്ട് വകുപ്പുകൾക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നുമാണ് സി.പി.എമ്മിന്റെ മറുവാദം. തമിഴ്നാടിനെയും കേരളത്തെയും സമീകരിക്കാനാകില്ലെന്നും തമിഴ്നാട് വരുമാനമുള്ള സംസ്ഥാനമാണെന്നും കേരളം അങ്ങനെയല്ലെന്നുമാണ് നിയമപോരാട്ടത്തിന് മുതിരാത്തതിന് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്‍റെ ന്യായം. കരാർ ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തെ പിന്തുണച്ച് മുന്നണി കൺവീനറും ഡി.വൈ.എഫ്.ഐയുമടക്കം രംഗത്തെത്തി. മറുഭാഗത്ത് സി.പി.ഐയുടെ ശക്തമായ വിയോജിപ്പിന് പിന്നാലെ വകുപ്പ് നിലപാടിനെതിരെ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും രംഗത്തുണ്ട്. ഫലത്തിൽ പാലക്കാട്ടെ ബ്രൂവറി വിവാദത്തിന് ശേഷം മുന്നണിയിലുണ്ടാകുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസവും ഏറ്റുമുട്ടലുമായി പി.എം ശ്രീ മാറുകയാണ്. ബ്രൂവറി വിഷയത്തിൽ സി.പി.ഐ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയിട്ടും അതിനെയെല്ലാം അവഗണിച്ച് മുന്നണി യോഗത്തിൽ സി.പി.എം അജണ്ട പാസാക്കിയിരുന്നു. ഇതിലുള്ള കടുത്ത അതൃപ്തി സി.പി.ഐക്കുണ്ട്.
പരിസ്ഥിതി നിലപാടുമായി ബന്ധപ്പെട്ട ആശയപരമായ ഭിന്നത എന്ന നിലയിൽ ബ്രൂവറി വിവാദത്തിലെ മയപ്പെടലിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും പി.എം ശ്രീയിലെ കരാർ സംഘ്പരിവാറിന്‍റെ വിദ്യാഭ്യാസ അജണ്ടകൾക്ക് ചെറുത്തുനിൽപ്പൊന്നുമില്ലാതെ കീഴൊതുങ്ങുന്നുവെന്ന ഗുരുതര രാഷ്ട്രീയ പ്രശ്നമായാണ് സി.പി.ഐ കാണുന്നത്. തൃശൂർ പൂരം കലക്കൽ മുതൽ ബി.ജെ.പി-സി.പി.എം ബന്ധമാരോപിച്ച് പ്രതിപക്ഷം ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിശേഷിച്ചും. മുന്നണിക്കുള്ളിൽ പി.എം ശ്രീ കീറാമുട്ടിയായി മാറുന്നതിനിടെ 2024ല്‍ തന്നെ എം.ഒ.യു ഒപ്പിടാമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചെന്ന വിവരവും പുറത്തുവന്നു. ‘പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു’ എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചുവെന്നാണ് വിവരം. സി.പി.ഐയുടെ വിയോജിപ്പ്, മന്ത്രിസഭയിലുണ്ടായ അഭിപ്രായ വ്യത്യാസം എന്നിവയൊന്നും സര്‍ക്കാര്‍ ആദ്യം മുതലേ പരിഗണിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.
എൽ.ഡി.എഫ് ചർച്ച ചെയ്യുമെന്ന് എം.എ. ബേബി
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ കേരളം ഒപ്പിടുന്നത് എൽ.ഡി.എഫ് ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. സി.പി.ഐയെ അവഗണിക്കുന്ന സമീപനം ദേശീയ തലത്തിലോ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പി.എം ശ്രീ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ എൽ.ഡി.എഫിനും സർക്കാറിനും കഴിയും. വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. സി.പി.ഐ വിമർശനമുന്നയിച്ച പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനറും വ്യക്തമാക്കിയതാണ്. എൽ.ഡി.എഫ് കൂടിയാലോചിച്ച് തീരുമാനിക്കുന്നതുവരെ മാധ്യമങ്ങൾ ക്ഷമ കാണിക്കുന്നതാണ് ഉചിതമെന്നും എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

