പി.എം ശ്രീ ഇടപെടൽ; ഇടതുമനസുകളിൽ സ്വീകാര്യത കൂട്ടിയെന്ന് സി.പി.ഐ
text_fieldsതിരുവനന്തപുരം: ആർ.എസ്.എസ് ആശയം ഉൾക്കൊള്ളുന്ന പി.എം ശ്രീ പദ്ധതിയിൽ പങ്കാളിയാകാനുള്ള സംസ്ഥാന സക്കാർ നീക്കം തിരുത്തിച്ചതിലൂടെ പാർട്ടിയുടെ പൊതുസ്വീകാര്യത വർധിച്ചെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ വിലയിരുത്തൽ. മന്ത്രിസഭയും ഇടതുമുന്നണിയും അറിയാതെയുള്ള നീക്കത്തിൽ ആശയാടിത്തറയോടെയാണ് പാർട്ടി ദേശീയ നിലപാടുയർത്തി എതിർത്തത്.
ഇക്കാര്യത്തിൽ സമയബന്ധിതമായി വിജയം നേടാനുമായി. ഒരു പാർട്ടിയിലും ഉൾപ്പെടാത്ത ഇടതുമനസുകളും മതന്യൂനപക്ഷ വിഭാഗങ്ങളും പാർട്ടി നിലപാടിനെ വിലമതിച്ചു. എഴുത്തുകാരും ചിന്തകരും പിന്തുണച്ചെന്നും പി.എം ശ്രീ തർക്കപരിഹാരശേഷമുള്ള ആദ്യ യോഗം വിലയിരുത്തി.
ഉഭയകക്ഷി ചർച്ചയിലൂടെയുള്ള പ്രശ്നപപരിഹാര ഫോർമുല മന്ത്രിസഭ വേഗം അംഗീകരിച്ച് മഖ്യമന്ത്രിതന്നെ ജനങ്ങളോട് പ്രഖ്യാപിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചത് പാർട്ടിയുടെ വിജയമാണ്. എന്നാൽ, വിജയം അവകാശപ്പെട്ട് പ്രകോപനമുണ്ടാക്കുന്ന സ്ഥിതി ആരിൽനിന്നും ഉണ്ടാകരുത്. പ്രശ്നം പരിഹരിച്ചപ്പോൾതന്നെ നേതൃത്വം ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ചു. നിലപാട് വിജയിച്ചെന്ന വാക്കുപോലും ആരും പറഞ്ഞില്ല. ഈ നിലപാട് ബാക്കിയുള്ളവരും സ്വീകരിക്കണം. താഴേത്തട്ടിൽപോലും ഭിന്നസ്വരമുയരരുത്. ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാവണം ലക്ഷ്യം.
പി.എം ശ്രീയുമായി ബന്ധപ്പെട്ട പാർട്ടി നിലപാടും മുന്നോട്ടുവെച്ച സമ്മർദതന്ത്രങ്ങളും ഉഭയകക്ഷി ചർച്ചയിലെ തീരുമാനങ്ങളും വിശദീകരിച്ച സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് ആദ്യം എൽ.ഡി.എഫ് മുമ്പാകെ സമർപ്പിക്കുമെന്ന ഉറപ്പും അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് സ്റ്റാറ്റസ്കോയിൽ പൊതുവിൽ സി.പി.എം-സി.പി.ഐ തർക്കമില്ല. അഭിപ്രായഭിന്നതയുള്ള സ്ഥലങ്ങളിലേത് മണ്ഡലം, ജില്ല നേതാക്കൾ ഇടപെട്ട് പരിഹരിക്കും. ഡീലിമിറ്റേഷന്‍റെ ഭാഗമായി അധികംവന്ന സീറ്റുകളിൽ സി.പി.ഐ അവകാശവാദം ഉന്നയിക്കും. ആനുപാതിക പ്രാതിനിധ്യമാണ് ആവശ്യപ്പെടുക.
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്‍റെ ലക്ഷ്യം ബി.ജെ.പിവിരുദ്ധ വോട്ടുകൾ പരമാവധി കുറക്കലാണ്. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രവർത്തനങ്ങളിൽ ജാഗ്രതയോടെ ഇടപെടണം. സർവകക്ഷി യോഗത്തിൽ എസ്.ഐ.ആറിനെതിരെ കോടതിയെ സമീപിക്കാൻ ആവശ്യപ്പെടും. സർക്കാർ കോടതിയിൽ പോയാൽ കക്ഷിചേരാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

