പി.എം ശ്രീ: വിജയം അവകാശപ്പെടാനും പ്രകോപനത്തിനും സി.പി.ഐ ഇല്ല
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ രാജിയടക്കം കടുത്ത തീരുമാനങ്ങളാലോചിച്ച് പി.എം ശ്രീയിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിച്ച സി.പി.ഐ വിജയം അവകാശപ്പെടാനും പ്രകോപനത്തിനും ഇല്ല. സി.പി.എമ്മുമായുള്ള തുടർ ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഐക്യസന്ദേശമാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്. അതിനാലാണ് പദ്ധതിയിലെ പിന്മാറ്റം എൽ.ഡി.എഫിന്‍റെ വിജയമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആദ്യമേ പറഞ്ഞത്.
മുന്നണിയെയും സർക്കാറിനെയും അറിയിക്കാതെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന്‍റെ പ്രതിഷേധത്തിൽ സി.പി.എം നേതാക്കൾക്കെതിരെ സ്വീകരിക്കേണ്ടിവന്ന കടുത്ത നിലപാടുകളിൽ ഖേദപ്രകടനവുമായി നേതാക്കൾ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാദേശിക തലത്തിൽ ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ ഭിന്നത മൂർച്ഛിക്കാതിരിക്കാൻ കൂടിയാണ് നേതൃത്വത്തിന്‍റെ ഇടപെടൽ. രാഷ്ട്രീയ പ്രസ്താവനക്കപ്പുറം സി.പി.ഐയുടെ ഭാഗത്തുനിന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് വ്യക്തിപരമായ വിമർശനം നേരിട്ടത്.
പദ്ധതിയിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ സന്ദർശിച്ചപ്പോൾ എം.എ. ബേബി നിസ്സഹായാവസ്ഥയിലായിരുന്നെന്നും അത് തന്നെപ്പോലും വിഷമിപ്പിച്ചെന്നുമായിരുന്നു സി.പി.എം ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബുവിന്‍റെ പരാമർശം. ഇതിൽ ബേബി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ നീരസം പ്രകടിപ്പിച്ചിരുന്നു. കരാറിൽനിന്ന് പിൻവാങ്ങിയതോടെ പ്രശ്നപരിഹാരത്തിൽ ബേബി നടത്തിയ ഇടപെടലിന് നന്ദിയറിയിച്ച് ‘ജനയുഗ’ത്തിൽ ലേഖനമെഴുതിയ പ്രകാശ് ബാബു, ബേബിയെ ഫോണിൽ വിളിച്ച് പരാമർശത്തിൽ ഖേദപ്രകടനവും നടത്തി.
എ.ഐ.എസ്.എഫിന്‍റെയും എ.ഐ.വൈ.എഫിന്‍റെയും നിലപാടുകൾ വേദനിപ്പിച്ചെന്ന് വി. ശിവൻകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതോടെ, ആശയപരമായ നിലപാടാണ് പ്രകടിപ്പിച്ചതെന്നും മന്ത്രിയുടെ ജാഗ്രതക്കുറവാണ് ചൂണ്ടിക്കാട്ടിയതെന്നും വ്യക്തമാക്കി കോലം കത്തിക്കലടക്കമുള്ള വിഷയത്തിൽ എ.ഐ.വൈ.എഫും ഖേദം പ്രകടിപ്പിച്ചു.
വിഷയത്തിൽ പിന്നീട് ശിവൻകുട്ടി മന്ത്രി ജി.ആർ. അനിലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചെങ്കിലും ഇതിൽ സി.പി.ഐ പ്രതികരണത്തിനും മുതിർന്നില്ല. ഇനി പരസ്യപ്രതികരണം വേണ്ടെന്നാണ് ബിനോയ് വിശ്വം തന്നെ നേതാക്കൾക്ക് നൽകിയ നിർദേശം. പദ്ധതിയിലെ പിന്മാറ്റം പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ മാധ്യമങ്ങൾ കൂടുതൽ ചോദ്യങ്ങളുന്നയിച്ചപ്പോൾ, മറുപടിയില്ലാഞ്ഞിട്ടല്ലെന്നും ഞങ്ങളുണ്ടാക്കിയ ധാരണയിൽനിന്ന് പിന്മാറുന്നില്ലെന്നുമാണ് മുഖ്യമന്ത്രിയും മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

