പി.എം ശ്രീ: മലക്കംമറിഞ്ഞ് സർക്കാർ; ഭിന്നത പരസ്യമാക്കി സി.പി.ഐ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ ഫണ്ടുകൾ നഷ്ടമാകുന്ന സാഹചര്യം വന്നതോടെ മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. എന്നാൽ, സി.പി.ഐ പരസ്യവിമർശനമുന്നയിച്ചതോടെ പദ്ധതിയെച്ചൊല്ലിയുള്ള സി.പി.എം-സി.പി.ഐ ഭിന്നത മറനീക്കി പുറത്തുവന്നു.
കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ലഭിക്കാൻ വേറെ വഴിയില്ലെന്ന് പറഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയെ അനുകൂലിക്കുന്നത്. പദ്ധതിയിൽ ഒപ്പുവെക്കുന്നതോടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്നും കേരളത്തിന്റെ വിദ്യാഭ്യാസ ബദൽ തകരുമെന്നുമാണ് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയുടെ പക്ഷം.
ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്കടക്കം ഓരോ കോടിരൂപ വീതം അഞ്ചുവർഷം ലഭിക്കുന്ന പദ്ധതിയാണിത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും സ്കൂളുകൾക്ക് മുന്നിൽ പി.എം ശ്രീ ബോർഡ് സ്ഥാപിക്കുകയും വേണമെന്ന നിബന്ധന മൂലമാണ് ആദ്യം പദ്ധതിയെ കേരളം എതിർത്തത്. എന്നാൽ, സമഗ്രശിക്ഷ കേരളം വഴി നടപ്പാക്കുന്ന 1500 കോടിയോളം രൂപയുടെ പദ്ധതികളിലെ കേന്ദ്രവിഹിതം തടഞ്ഞതോടെയാണ് വിദ്യാഭ്യാസ വകുപ്പിന് മനംമാറ്റമുണ്ടായത്.
തുടർന്ന് വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്തെങ്കിലും ഒപ്പിടരുതെന്ന് സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടതോടെ നീക്കം മരവിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനം ആർ.എസ്.എസിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുമാണെന്ന കാര്യം പുറത്തുവന്നതോടെ സർക്കാർ ഏറെക്കാലം പുറംതിരിഞ്ഞുനിന്നു. സെപ്റ്റംബറിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി മന്ത്രി വി. ശിവൻകുട്ടി നടത്തിയ കൂടിക്കാഴ്ചയോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്. പിന്നാലെ മന്ത്രിസഭയിൽ ചർച്ചചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെ പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇക്കാര്യം പുറത്തുവന്നതോടെ പദ്ധതിയോടുള്ള എതിർപ്പ് തുടരുകയാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ഇടത് സർക്കാർ എതിർക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പദ്ധതി നടപ്പാക്കൽ മന്ത്രിസഭയിൽ ചർച്ചചെയ്തില്ലെന്നും ഇക്കാര്യത്തിൽ കൂടിയാലോചന വേണമെന്നും മന്ത്രി കെ. രാജനും തുറന്നടിച്ചു. വിവാദത്തോടെ, സി.പി.ഐയുമായുള്ള പ്രശ്നം തങ്ങൾ തീർത്തോളാമെന്ന മറുപടിയാണ് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങൾക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

