സി.പി.ഐയെ ഞെട്ടിച്ച് പി.എം ശ്രീ കരാർ; ഇടതുമുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി
text_fieldsബിനോയ് വിശ്വം, പിണറായി വിജയൻ
തിരുവനന്തപുരം: വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മർദം കടുപ്പിച്ചും നിലപാടിൽ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. സി.പി.ഐ ഉന്നയിച്ച രാഷ്ട്രീയ വിയോജിപ്പ് മുഖവിലക്കെടുക്കാതെയുള്ള സി.പി.എം നീക്കം മുന്നണിയിൽ പൊട്ടിത്തെറിക്ക് കാരണമാക്കും.
പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചതിന് പിന്നാലെയാണ് കരാറിൽ ഒപ്പിട്ട വാർത്ത പുറത്തുവന്നത്.
വിഷയം മുന്നണിക്കുള്ളിൽ ചർച്ചചെയ്യുമെന്നാണ് സി.പി.ഐ കരുതിയിരുന്നത്. മന്ത്രിസഭ യോഗത്തിന് പിന്നാലെ മുന്നണിയിലും കടുത്ത വിയോജിപ്പുയർത്താനായിരുന്നു സി.പി.ഐ നീക്കം. രണ്ട് ദിവസങ്ങളിലായി നടന്ന സി.പി.ഐ നേതൃയോഗങ്ങളിൽ ഇതിനുള്ള തയാറെടുപ്പും നടത്തിയിരുന്നു. വിഷയത്തിൽ സി.പി.ഐ പുലർത്തുന്ന കാർക്കശ്യം സി.പി.എമ്മിനെ ബോധ്യപ്പെടുത്താനായെന്നും പി.എം ശ്രീ ഏകപക്ഷീയമായി സി.പി.എമ്മിന് നടപ്പാക്കാനാവില്ലെന്നും ബിനോയ് വിശ്വം കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
നേതൃത്വത്തിന്റെ നിലപാടിന് പൂർണ പിന്തുണയാണ് യോഗത്തിലുണ്ടായത്. വിഷയത്തിൽ പാർട്ടി നിലപാട് മാറ്റുന്നെങ്കിൽ സംസ്ഥാന കൗൺസിൽ യോഗം വിളിച്ചുചേർത്ത ശേഷം മാത്രമേ പാടുള്ളൂവെന്ന അംഗങ്ങളുടെ നിർദേശവും സെക്രട്ടറി അംഗീകരിച്ചു. ഇത്തരത്തിൽ പി.എം ശ്രീക്കെതിരെ അരയും തലയും മുറുക്കി സി.പി.ഐ പ്രതിരോധത്തിന് സജ്ജമായപ്പോഴാണ് സർക്കാറിന്റെ അപ്രതീക്ഷിത നീക്കം.
തങ്ങളുടെ വിയോജിപ്പ് മുഖവിലക്കെടുക്കാത്ത സി.പി.എം നിലപാടിൽ കടുത്ത അമർഷമാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സി.പി.ഐയുടെ എതിര്‍പ്പിനെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പരിഹസിച്ചതും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. എലപ്പുള്ളി ബ്രൂവറി വിഷയത്തിലും സി.പി.ഐ ഉയർത്തിയ വിയോജിപ്പുകൾ അവഗണിച്ച് സി.പി.എം ഏകപക്ഷീയമായി നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

