പി.എം. ശ്രീ വിവാദം: സി.പി.ഐയെ അനുനയിപ്പിക്കാൻ പിണറായി വിജയൻ ഇടപെടുന്നു, ബിനോയ് വിശ്വത്തെ നേരിൽ കാണും
text_fieldsതിരുവനന്തപുരം: പിഎം ശ്രീയിൽ സി.പി.ഐയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിക്കുകയും തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിക്കുകയും ചെയ്തതായാണ് വിവരം. കടുത്ത തീരുമാനങ്ങൾ സി.പി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടുവെന്നാണ് സൂചന. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറിൽ നിന്ന് പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.
കാബിനറ്റില്‍ ചര്‍ച്ച ചെയ്യാതെ എം.ഒ.യു ഒപ്പിട്ടത് ശരിയായില്ലെന്നും പി.എം ശ്രീ പദ്ധതിയെ എല്‍.ഡി.എഫ് ഒരുപോലെ എതിര്‍ത്തതാണെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം, ഇന്ന് സി.പി.എം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരും. പി.എം ശ്രീ വിഷയം ചർച്ചയാകും. അതേസമയം, സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ആലപ്പുഴയിൽ നടക്കും. പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്‍മാറുകയല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന നിലപാടിലാണ് സിപിഐ. മുന്നണിയെ ഇരുട്ടില്‍ നിര്‍ത്തി ഒപ്പിട്ടതിന് മറുപടിയായി സി.പി.ഐയുടെ മന്ത്രിമാര്‍ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോദത്തില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും ഡല്‍ഹിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം പി.എം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നുമാണ് എം.എ ബേബി പറഞ്ഞത്.
സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഡി. രാജ പ്രതികരിച്ചത്. നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണ്. എന്‍.ഇ.പി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എൻ.ഇ.പിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നായിരുന്നു ഡി. രാജയുടെ ചോദ്യം.
പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽനിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്രസർക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിർക്കും. കേരളത്തിലെ കുട്ടികൾക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നതുകൊണ്ടാണ് കരാറിൽ ഒപ്പിട്ടതെന്നും മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

