പി.എം ശ്രീയിൽ ഭിന്നത; നടപ്പാക്കരുതെന്ന് നേതാക്കൾ, പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയമായ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കെ.പി.സി.സി ഭാരവാഹി യോഗത്തിലും എതിർപ്പ്. പദ്ധതി നടപ്പാക്കരുതെന്ന് ഒരു വിഭാഗം നേതാക്കൾ ഭാരവാഹി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും പിന്മാറിയാൽ വിദ്യാഭ്യാസ മേഖലക്ക് ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു.
പി.എം ശ്രീ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്നും പദ്ധതി നടപ്പാക്കാരുതെന്നുമാണ് കെ.പി.സി.സി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ, പി.എം ശ്രീ മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന് കാരണന്ന് മുഖ്യമന്ത്രി മറുപടി നൽകി. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് മുമ്പാകെ പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള പൂർണമായ അവകാശം വേണമെന്ന ഉപാധികൾ വെക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ കൂട്ടിച്ചേർത്തു.
രാഷ്ട്രീയകാര്യ സമിതിക്ക് പിന്നാലെ കെ.പി.സി.സി ഭാരവാഹി യോഗത്തിലും പി.എം ശ്രീയുമായി മുന്നോട്ട് പോകരുതെന്ന ശക്തമായ ആവശ്യം ഉയർന്നു. കേന്ദ്ര സർക്കാറുമായി മുൻ കേരള സർക്കാർ പി.എം ശ്രീ ധാരണപത്രം ഒപ്പിട്ടതാണ് ഇടതിൻറെ തോൽവിക്ക് കാരണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
പി.എം ശ്രീ നടപ്പാക്കുന്നതിനെതിരെ മുസ്‌ലിം ലീഗിൽ നിന്നും ശക്തമായ എതിർപ്പുയർന്നിരുന്നു. കൂടാതെ പദ്ധതി നടപ്പിലാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ കൂടെയല്ലെങ്കിൽ അവർ എതിരാകുമെന്ന മുന്നറിയിപ്പും മുനവ്വറലി തങ്ങൾ സർക്കാറിന് നൽകിയിരുന്നു.
കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പങ്കെടുത്ത പി.എം നിയാസ്, ദീപ്തി മേരി വർഗീസ്, മാത്യു കുഴൽനാടൻ, എ.എ ഷുക്കൂർ തുടങ്ങിയവരാണ് പി.എം ശ്രീയെ എതിർത്തത്. പി.എം ശ്രീ വിഷയം യു.ഡി.എഫ് വിജയത്തിന് കാരണമായെന്ന് നിയാസ് വാദിച്ചു. എന്നാൽ, നിയസിനെയും മുഖ്യമന്ത്രി തിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

