പി.എം ശ്രീയിൽ അനുനയത്തിനില്ല; കാബിനറ്റ് യോഗത്തിൽനിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിൽക്കും
text_fieldsബിനോയ് വിശ്വം, പിണറായി വിജയൻ
ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ നടപടികളിലേക്ക് സി.പി.ഐ കടക്കുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കും. നേരത്തെ സി.പി.എം സമവായത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. എന്നാൽ ഈ യോഗത്തിലും പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. നാല് സി.പി.ഐ മന്ത്രിമാരും മറ്റന്നാളത്തെ യോഗത്തിൽനിന്ന് വിട്ടുനിൽക്കും.
ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥ തലത്തിൽ നീക്കുന്നത് സാവധാനത്തിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം ലഭിച്ച ശേഷമേ ഉദ്യോഗസ്ഥർ പട്ടിക കൈമാറൂ. സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യത ചർച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എൽ.ഡി.എഫിൽ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടർനടപടികൾ ഏത് വിധത്തിൽ വേണമെന്ന് നിർദേശിക്കുക.
നേരത്തെ പി.എം ശ്രീ വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിലപാട് മയപ്പെടുത്താത്ത പ്രതികരണമാണ് ബിനോയ് വിശ്വവും സി.പി.ഐ മന്ത്രിമാരും നടത്തിയത്. ചർച്ചയുടെ വാതിൽ എൽ.ഡി.എഫിൽ എപ്പോഴും തുറന്നു കിടപ്പുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഇടത് മുന്നണിയിലെ പാർട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. അതിനാൽ, മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യും. ചർച്ചയുടെ എല്ലാ വാതിലും എൽ.ഡി.എഫിൽ ഉണ്ടാകും. എൽ.ഡി.എഫ് എൽ.ഡി.എഫ് ആണെന്നും ആശയ അടിത്തറയും രാഷ്ട്രീയ അടിത്തറയും ഉണ്ട്. അതുകൊണ്ട് പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

