പുതിയ സർക്കാറിനും വെല്ലുവിളിയാകാൻ ‘പി.എം ശ്രീ’
text_fieldsതിരുവനന്തപുരം: പുതുതായി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാറിനെ കാത്തിരിക്കുന്നത് പി.എം ശ്രീ വെല്ലുവിളി. കഴിഞ്ഞ സർക്കാറിനെ വിവാദച്ചുഴിയിലാക്കിയ പി.എം ശ്രീ പദ്ധതി ഒപ്പിടലിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കിയ വിഷയമാണ് പി.എം ശ്രീ പദ്ധതിയിെല സ്വകാര്യ ഒപ്പിടൽ. മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടിക്കെതിരെ സി.പി.ഐ പരസ്യമായി രംഗത്തുവന്നു.
മന്ത്രിസഭ യോഗത്തിൽ നിന്ന് സി.പി.ഐ വിട്ടുനിൽക്കുമെന്ന സ്ഥിതി വന്നതോടെ നടന്ന ചർച്ചകളിലാണ് പദ്ധതി തൽക്കാലം നടപ്പാക്കുന്നില്ലെന്ന് കേന്ദ്രസർക്കാറിന് കത്ത് നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാറിന് കത്ത് നൽകുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു യോഗം പോലും ചേർന്നില്ല.
ധാരണാപത്രത്തിൽ ഒപ്പിട്ടതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിൽ 2025-26 വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിലെ ഒരു ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നത് തൽക്കാലം നിർത്തിവെക്കുന്നുവെന്ന കത്ത് നൽകിയതോടെ അവശേഷിക്കുന്ന ഗഡു തടയുകയും ചെയ്തു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണത്താൽ 2023 മുതൽ സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ലഭിക്കാനുള്ള 1100 കോടിയോളം രൂപയാണ് കേന്ദ്രം തടഞ്ഞത്.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഉൾപ്പെടെ വികസിപ്പിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ അടങ്ങുന്ന പി.എം ശ്രീ പദ്ധതിയുടെ കാലാവധി 2022 മുതൽ 2027 വരെയാണ്.
ഭൂരിഭാഗം സംസ്ഥാനങ്ങളും പദ്ധതിയിൽ ചേർന്നതോടെ കാലയളവ് ദീർഘിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തിൽ എസ്.എസ്.കെ ഫണ്ട് തടസപ്പെടാതിരിക്കാൻ പി.എം ശ്രീ നടപ്പാക്കുന്നതിൽ പുതിയ സർക്കാറിന് നയപരമായ തീരുമാനം എടുക്കേണ്ടിവരും. പദ്ധതി നടത്തിപ്പ് തൽക്കാലം നിർത്തിവെക്കുന്നുവെന്ന കത്ത് പിൻവലിച്ചാൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രം പ്രാബല്യത്തിൽ വരും.
പദ്ധതിയുടെ മറവിൽ കാവിവത്കരണം ഉൾപ്പെടെയുള്ള രഹസ്യ അജണ്ട അടങ്ങിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കണമെന്ന വ്യവസ്ഥ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയതാണ് കേരളം ഉൾപ്പെടെ എതിർക്കാൻ കാരണമായത്. എസ്.എസ്.കെ ഫണ്ട് തടയുന്നത് സ്കൂളുകളിലെ സൗജന്യ പാഠപുസ്തകം, യൂനിഫോം ഉൾപ്പെടെയുള്ളവയിൽ പ്രതിസന്ധി സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

