‘ശിവൻകുട്ടി മാന്യൻ, ആദരണീയൻ, നല്ല നേതാവ്, എല്ലാമാണ്; പഠിപ്പിക്കാൻ ഞാൻ ആളല്ല; ബേബിയും ഗോവിന്ദൻ മാഷുമാണ് നല്ലത്’ -മറുപടിയുമായി ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: പി.എം.ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം തന്നെ ആരും പഠിപ്പിക്കേണ്ട എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ തന്നെക്കാളും എന്തുകൊണ്ടും അർഹരും അവകാശമുള്ളവരും സഖാവ് എം.എ. ബേബിയും സഖാവ് ഗോവിന്ദൻ മാഷുമാണെന്നും അവര് പഠിപ്പിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി.എം.ശ്രീയിൽനിന്ന് പിൻമാറിയതിന്റെ പേരിൽ ഫണ്ട് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിക്കില്ല എന്ന ശിവൻ കുട്ടിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടുംതമ്മിൽ കൂട്ടിക്കെട്ടുന്നത് ബി.ജെ.പിയുടെ വാദമാണ് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ‘ശിവൻ കുട്ടിയോട് ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്. പി.എം.ശ്രീയും സമഗ്ര ശിക്ഷാ കേരളയും രണ്ടും ഒന്നല്ല. രണ്ടും തമ്മിൽ കൂട്ടിക്കെട്ടുന്നത് ബിജെപി രാഷ്ട്രീയമാണ്. അതല്ല നമ്മുടെ രാഷ്ട്രീയം. എൽഡിഎഫ് രാഷ്ട്രീയം അതല്ല. റൈറ്റ് ടു എജുക്കേഷൻ ആക്ടിന്റെ വെളിച്ചത്തിൽ എസ്.എസ്.കെ ഫണ്ട് കിട്ടാൻ നമുക്ക് അവകാശമുണ്ട് എന്നതാണ് സി.പി.ഐയുടെ നിലപാട്. എൽ.ഡി.എഫിനും അതായിരിക്കും സ്വീകാര്യം. എന്തായാലും സി.പി.എമ്മിന് അത് മനസ്സിലാകും എന്ന് എനിക്ക് ഉറപ്പുണ്ട്. എസ്.എസ്.കെയും പിഎംശ്രീയും കൂട്ടിക്കെട്ടിക്കൊണ്ട് ആ ന്യായം പറഞ്ഞ് അവകാശപ്പെട്ട എസ്.എസ്.കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ ഇടതുപക്ഷം അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ആ രാഷ്ട്രീയം എൽഡിഎഫിന് ഉണ്ട്. ആ രാഷ്ട്രീയം ശിവൻകുട്ടിക്ക് എന്തായാലും ബോധ്യപ്പെടും’ -ബിനോയി വിശ്വം പറഞ്ഞു.
‘ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണം എന്ന് എനിക്കറിയില്ല’
‘ഇപ്പോൾ ഈ സമയത്ത് സഖാവ് ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണം എന്ന് എനിക്കറിയില്ല. ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയാണ്. പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാകാനോ ഞാനില്ല. അതിന് എന്റെ രാഷ്ട്രീയ ബോധം അനുവദിക്കുന്നില്ല. ആ രാഷ്ട്രീയ ബോധം എല്ലാവർക്കും വേണം. അതാണ് എൽഡിഎഫിന്റെ കൈ മുതൽ. അതാണ് കരുത്ത്. സിപിഐക്ക് ആ രാഷ്ട്രീയ ബോധമുണ്ട്. പിഎംശ്രീയെ സംബന്ധിച്ച് സഖാവ് ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ ഞാൻ ആളല്ല. പി.എം.ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവൻകുട്ടിയെ പഠിപ്പിക്കാൻ എന്നെക്കാളും എന്തുകൊണ്ടും അർഹരും അവകാശമുള്ളവരും സഖാവ് എം.എ. ബേബിയും സഖാവ് ഗോവിന്ദൻ മാഷുമാണ്. അവര് പഠിപ്പിക്കട്ടെ.
പിഎംശ്രീ എന്ന പദ്ധതി എൻ.ഇ.പിയുമായി കൂട്ടിയിണക്കപ്പെട്ട ഒന്നാണ്. ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണത്. അതിനെ പറ്റിയുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ഞാൻ പഠിപ്പിക്കുന്നില്ല. പഠിപ്പിക്കാൻ സിപിഎമ്മിന്റെ നേതാക്കൾ ഈ നാട്ടിലുണ്ട്. ശിവൻകുട്ടിക്ക് രാഷ്ട്രീയ ബോധമില്ല എന്നൊന്നും ഞാൻ പറയില്ല. ശിവൻകുട്ടിക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. ശിവൻകുട്ടി നല്ല രാഷ്ട്രീയ നേതാവാണ്. ശിവൻകുട്ടി മാന്യ സുഹൃത്താണ്. ശിവൻകുട്ടി സിപിഎം നേതാവാണ്. ശിവൻകുട്ടി ആദരണീയനായ വിദ്യാഭ്യാസ മന്ത്രിയാണ്. എല്ലാമാണ്. ഒരു കാരണ വശാലും ശിവൻകുട്ടിയെ ചെറുതാക്കാൻ ഞാനില്ല.
പി.എം ശ്രീയിൽനിന്ന് പിൻമാറാൻ തീരുമാനിച്ചപ്പോൾ ഈ വിജയം സി.പി.ഐയുടെ വിജയമല്ലേ എന്ന് പലരും ചോദിച്ചു. വിജയത്തിന്റെയും പരാജയത്തിന്റെയും അളവുകോൽ വെച്ച് ഇത് അളക്കാൻ ഞങ്ങൾ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങൾക്ക് അങ്ങനെ അളക്കാൻ വാശി ഉണ്ടെങ്കിൽ ഇത് എൽഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് എന്ന് ഞാൻ പറയും. എൽഡിഎഫിന്റെ ഐഡിയോളജിയുടെയും ഐക്യത്തിന്റെയും വിജയമാണത്. ഈ കത്തെഴുതിയ കാര്യം അടക്കമുള്ള എല്ലാ കാര്യങ്ങളും സിപിഐയുടെയും സിപിഎമ്മിന്റെയും അടക്കം എൽഡിഎഫിന്റെ വിജയമാണ്. ആ രാഷ്ട്രീയ വിജയം എൽഡിഎഫിന്റെ രാഷ്ട്രീയ ആശയത്തിന്റെ വിജയമാണ്. അത് ഇന്ത്യയിലെമ്പാടും പിഎംശ്രീക്കെതിരെ പടവെട്ടുന്ന വമ്പിച്ച രാഷ്ട്രീയ ബോധമുള്ള അധ്യാപക പ്രസ്ഥാനത്തിന്റെയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും വിജയമാണ്. അത് പറയുമ്പോൾ ഞാൻ എ.ഐ.എസ്.എഫിനെയും എസ്എഫ്ഐയെയും കാണുന്നു.
ഈ സമയത്ത് എന്റെ പ്രിയപ്പെട്ട സഖാവ് ശിവൻകുട്ടി അടക്കം ആര് പ്രകോപനം ഉണ്ടാക്കിയാലും പ്രകോപിക്കപ്പെടാൻ സിപിഐ ഇല്ല. സിപിഐക്ക് വലുത് എൽഡിഎഫ് രാഷ്ട്രീയമാണ്. എൽഡിഎഫ് വിജയമാണ്. ഉപസമിതിക്ക് ഗൗരവം ഉണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. ഉപസമിതി കൺവീനറായ ശിവൻകുട്ടിക്ക് ആ ബോധ്യം ഉണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പ് ആയതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല എന്ന് ശിവൻ കുട്ടി പറഞ്ഞത് നല്ല കാര്യം. അദ്ദേഹം പറയട്ടെ. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ ഐക്യത്തിനോ വിജയത്തിനോ ഭംഗമാക്കുന്ന ഒന്നും സിപിഐ പറയുകയോ ചെയ്യുകയേതാ ഇല്ല’ -ബിനോയ് വിശ്വം പറഞ്ഞു.
നേരത്തെ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തുവന്നിരുന്നു. കത്തയച്ചത് എല്‍.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ലെന്നും മന്ത്രി പറഞ്ഞു.
‘വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ല. നയങ്ങളിൽനിന്ന് പിന്നോട്ടുപോയത് ആരെന്ന് പോസ്റ്റ്മോർട്ട് ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽനിന്നും സി.പി.എം പഠിക്കേണ്ട കാര്യമില്ല. 45 മിനിറ്റ് നേരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി. കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. പി.എം ശ്രീ പദ്ധതിയിലെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് മന്ത്രിയുമായി സംസാരിക്കുകയും ഇന്നലെ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പ്രശ്‌നമേയില്ല. ആരൊക്കെയാണ് സമരം ചെയ്തത് ഇടപെട്ടത് ത്യാഗം സഹിച്ചതെന്നും അളക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. ജനം തീരുമാനിക്കട്ടെ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒരു പദ്ധതിയെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്’ -വി. ശിവന്‍കുട്ടി പറഞ്ഞു.
എസ്.എസ്.കെ ഫണ്ടിനെയും മറ്റു ഫണ്ടിനെയും കുറിച്ചാണ് മോദിയുമായി സംസാരിച്ചത്. കത്ത് കൊടുത്ത സ്ഥിതിക്ക് ഇനി ബാക്കി ഫണ്ട് കിട്ടുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ട്. എസ്.എസ്.കെ ഫണ്ടായ 1157 കോടി കിട്ടിയില്ലെങ്കില്‍ ഉത്തരവാദിത്തം തനിക്കില്ല. ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം. ആർ.എസ്.എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് മാത്രമെ ഉത്തരവാദിത്തം ഉള്ളൂവെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു.
‘പി.എം ശ്രീ’ നടപ്പാക്കുന്നത് താൽക്കാലികമായി മരവിപ്പിക്കുന്നതായി അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകാൻ ഒക്ടോബർ 29ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചെങ്കിലും നടപ്പാക്കാൻ വൈകുന്നത് സി.പി.ഐയുടെ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ബുധനാഴ്ച മന്ത്രിസഭ യോഗം ചേരുന്നതിന് മുമ്പായി സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്തയക്കുന്നത് വൈകുന്നതിലുള്ള ആശങ്ക അറിയിച്ചു. കത്ത് തയാറായിട്ടുണ്ടെന്നും ഉടൻ കൈമാറുമെന്നും മുഖ്യമന്ത്രി ഇവരെ അറിയിച്ചു. പിന്നാലെയാണ് കരാറിൽ സംസ്ഥാന സർക്കാറിന് വേണ്ടി ഒപ്പിട്ട പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഇതുസംബന്ധിച്ച കത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ് സെക്രട്ടറിക്ക് അയച്ചത്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും റിപ്പോർട്ടിൽ തീരുമാനമെടുക്കുന്നത് വരേക്കും തുടർനടപടികൾ താൽക്കാലികമായി മരവിപ്പിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തേക്കുള്ള സാവകാശമാണ് സർക്കാർ തേടിയതെന്നാണ് വിവരം. തടഞ്ഞുവെച്ച സമഗ്രശിക്ഷാ പദ്ധതിയിലെ ഫണ്ട് കുടിശിക വിട്ടുനൽകുന്നത് വേഗത്തിലാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ഡി.എഫും മന്ത്രിസഭയും അറിയാതെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള ധാരണാപത്രത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടത് മുന്നണിക്കകത്തും സർക്കാറിലും വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സി.പി.എം -സി.പി.ഐ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ രൂപപ്പെട്ട ധാരണയനുസരിച്ചാണ് മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കാനും അതുവരേക്കും പദ്ധതി നടപ്പാക്കുന്നത് നിർത്തിവെക്കാനും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

