പ്രധാനമന്ത്രി ഇന്ന് പൂന്തുറയിൽ
text_fieldsതിരുവനന്തപുരം: ഒാഖി ദുരിതബാധിതരെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. തിരുവനന്തപുരത്തെ തീരപ്രദേശമായ പൂന്തുറ വൈകീട്ട് അദ്ദേഹം സന്ദർശിക്കും. നേരത്തേ പ്രതിഷേധവും സുരക്ഷകാരണങ്ങളും കണക്കിലെടുത്ത് തലസ്ഥാനത്തെ ഒാഖി ദുരന്തബാധിത മേഖലകൾ പ്രധാനമന്ത്രി സന്ദർശിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സംസ്ഥാന ഘടകത്തിെൻറ ആവശ്യം പരിഗണിച്ചാണ് 10 മിനിറ്റ് പൂന്തുറയിൽ െചലവഴിക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവരുമായി െഗസ്റ്റ് ഹൗസിൽ നരേന്ദ്രമോദി കൂടിക്കാഴ്ചയും നടത്തും. ഇൗ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിെൻറ ആവശ്യങ്ങൾ സർക്കാർ അവതരിപ്പിക്കും. മംഗലാപുരത്തുനിന്ന് ലക്ഷദ്വീപിലെത്തി അവിടം സന്ദർശിക്കുന്ന മോദി ഉച്ചക്ക് 1.50ന് തിരുവനന്തപുരെത്തത്തി ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് പോകും.
രണ്ടരയോടെ കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം നാലരയോടെ തിരുവനന്തപുരത്ത് എത്തും. തുടർന്ന് റോഡുമാർഗം 4.40ഒാടെ പൂന്തുറയിലെത്തും. അവിടെനിന്നാണ് തൈക്കാട് െഗസ്റ്റ് ഹൗസിലെത്തുന്നത്. തുടർന്ന് ആറരയോടെ ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം. എന്നാൽ, സന്ദർശനപരിപാടി സംബന്ധിച്ച അന്തിമ പട്ടിക രാത്രി വൈകിയും പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്ന് ലഭിച്ചില്ലെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ വൈകീട്ട് നാല് മുതൽ എട്ട് വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ഒാഖി കൊടുങ്കാറ്റ് സംബന്ധിച്ച് നവംബർ 29ന് തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിയുടെ ഒാഫിസിനെ വിവരം അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
