Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശേഷാദ്രിനാഥിന്റെ നിയമനം: യു.ഡി.എഫ് കനത്ത വില നൽകേണ്ടിവരുമെന്ന് പി.എം. നിയാസ്

text_fields
bookmark_border
ശേഷാദ്രിനാഥിന്റെ നിയമനം: യു.ഡി.എഫ് കനത്ത വില നൽകേണ്ടിവരുമെന്ന് പി.എം. നിയാസ്
cancel

കോഴിക്കോട്: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിച്ച നടപടിക്കെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്. ഈ തീരുമാനത്തിൽ യു.ഡി.എഫ് കനത്ത വില നൽകേണ്ടിവരുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാധാരണ പ്രവർത്തകരുടെ വിയർപ്പൊഴുക്കിയുള്ള പ്രയത്നത്തിലൂടെയാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. അവരുടെ വികാരം മാനിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ല ജഡ്ജിയായി വിരമിച്ച എൻ. ശേഷാദ്രിനാഥിന്റെ നിയമനത്തിനെതിരെ തുടക്കം മുതൽ നിയാസ് ശക്തമായ എതിർപ്പാണ് ഉന്നയിച്ചിരുന്നത്. ഇദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ശേഷാദ്രിനാഥിന്റെ ബി.ജെ.പി അനുകൂല സോഷ്യൽ മീഡിയ പോസ്റ്റുകൾ അടക്കം ഇതിനായി അദ്ദേഹം തെളിവായി നിരത്തിയിരുന്നു. വിവാദമായതോടെ ഈ പോസ്റ്റുകൾ നീക്കം ചെയ്തതായും നിയാസ് ആരോപിച്ചു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഗവർണർ നിയമന ഉത്തരവിൽ ഒപ്പുവെച്ചതോടെ ശേഷാദ്രിനാഥിന്റെ നിയമനത്തിന് ഔദ്യോഗികമായി അംഗീകാരമായി.കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും ശക്തമായ എതിർപ്പുകൾക്കിടെയാണ് സർക്കാർ നിയമന നടപടികളുമായി മുന്നോട്ടുപോയത്.

കഴിഞ്ഞ മാസം ജില്ലാ ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ച എറണാകുളം സ്വദേശിയാണ് ശേഷാദ്രിനാഥൻ. ജുഡീഷ്യൽ രംഗത്ത് വിപുലമായ സേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ് ശേഷാദ്രിനാഥൻ. ഇരിങ്ങാലക്കുട കുടുംബ കോടതി, കവരത്തി പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, എറണാകുളം സി.ബി.ഐ കോടതി എന്നിവിടങ്ങളിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ കേരള കോഓപറേറ്റീവ് ട്രൈബ്യൂണൽ ജില്ലാ ജഡ്ജി, എറണാകുളം-തിരുവനന്തപുരം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ അഡീഷണൽ ആൻഡ് സെഷൻസ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായും ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Niyas: UDF will pay heavy price for Sheshadrinathan's appointment as State Election Commissioner
Next Story