കൊച്ചി മെട്രോ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
text_fieldsകൊച്ചി: ചരിത്രം പായ്ക്കപ്പലേറി നങ്കൂരമിട്ട കൊച്ചിയുടെ ഹൃദയത്തിന് ഇന്നു മുതൽ മെട്രോയുടെ അതിവേഗ താളം. തിരക്കേറിയ നഗരപാതയുടെ തലക്കു മീതെ നഗരത്തിെൻറ വേറിട്ട മുഖവും മാനം മുട്ടുന്ന പ്രതീക്ഷകളുമായി കൊച്ചി മെട്രോ ഒാടിത്തുടങ്ങാൻ മണിക്കൂറുകൾ മാത്രം. ഗതാഗതക്കുരുക്കറിയാത്ത നഗരയാത്രക്ക് ഇനി കണ്ണറ്റത്തെ ആകാശക്കാഴ്ചകൾ കൂട്ടുവരും. ആധുനികതയുടെ വിസ്മയങ്ങൾ നിറച്ച മെട്രോ ട്രെയിനുകളുടെ കോച്ചുകൾ സുരക്ഷ ഒരുക്കും. കേരളത്തിെൻറ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ശനിയാഴ്ച രാവിലെ 11ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.
രാജ്യത്തെ മറ്റെല്ലാ മെേട്രാകളെയും പിന്നിലാക്കുന്ന മികവുമായി നാലുവർഷം കൊണ്ട് യാത്രസജ്ജമായ കൊച്ചി മെട്രോയെ വരവേൽക്കാൻ അറബിക്കടലിെൻറ റാണി ഒരുങ്ങി. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 10.35ന് പാലാരിവട്ടത്തെത്തും. പാലാരിവട്ടം സ്റ്റേഷനിൽ നാട മുറിച്ചശേഷം പത്തടിപ്പാലം വരെയും തിരിച്ചും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി. സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെ.എം.ആർ.എൽ. എം.ഡി ഏലിയാസ് ജോർജ് എന്നിവർ അനുഗമിക്കും. തുടർന്നാണ് ഉദ്ഘാടനച്ചടങ്ങ്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. 2000ഒാളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾ വെള്ളിയാഴ്ച ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. 3500 പേർക്ക് ഇരിക്കാവുന്ന പ്രത്യേക പന്തലിൽ അവസാനവട്ട സുരക്ഷാ പരിശോധനയും പൂർത്തിയാക്കി. മെട്രോക്ക് സ്വാഗതമോതി പാതയുടെ ഇരുവശങ്ങളിലെയും വീടുകളിലും കടകളിലും വർണവിളക്കുകൾ തെളിഞ്ഞു. നഗരത്തിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
