Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎന്തുണ്ടായിട്ടും...

എന്തുണ്ടായിട്ടും 'ജീവവായു' ഇല്ലെങ്കിൽ നമ്മളൊക്കെ എത്ര നിസ്സാരന്മാർ; പി.എം നജീബിന്‍റെ അവസാന പോസ്റ്റ്​

text_fields
bookmark_border
എന്തുണ്ടായിട്ടും ജീവവായു ഇല്ലെങ്കിൽ നമ്മളൊക്കെ എത്ര നിസ്സാരന്മാർ; പി.എം നജീബിന്‍റെ അവസാന പോസ്റ്റ്​
cancel

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡന്‍റ്​ പി.എം നജീബ്​ ആശുപത്രിക്കിടക്കയിൽ നിന്ന്​ പങ്കുവെച്ച അവസാന ഫേസ്​ബുക്ക്​ പോസ്റ്റ്​ എല്ലാവരുടെയും കണ്ണ്​ നനയിക്കുന്നു. കോവിഡിനെതിരായ ജാഗ്രത ഒാർമിപ്പിക്കുന്ന പോസ്റ്റിൽ അദ്ദേഹം ജീവിതത്തിലേക്ക്​ തിരിച്ചു വരുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നുണ്ട്​.

പരമാവധി സുക്ഷമത പാലിച്ചിട്ടും കോവിഡിന്​ കീഴടങ്ങേണ്ടി വന്നുവെന്നാണ്​ ഏപ്രിൽ 27 ന്​ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നത്​. അലസമായി മാസ്​ക്​ ധരിക്കുന്നവരും അനാവശ്യമായ സംഗമങ്ങൾക്ക്​ മെനക്കെടുന്നവരും രോഗം സ്​ഥിരീകരിക്കാൻ ശ്രമിക്കാതെ അത്​ പടർത്തുന്നവരും വൈറസിനെപോലെയാണെന്നും അദ്ദേഹം പറയുന്നുണ്ട്​.

ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആയിരുന്ന അഡ്വ. പി.എം നിയാസിന്‍റെ സഹോദരനാണ്​ പി.എം നജീബ്​. പ്രവാസിയായ നജീബ്​ മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്​. കോഴിക്കോട്​ സ്വകാര്യ ആശുപ​ത്രിയിൽ ചികിത്സയിലിരിക്കെ മെയ്​ നാലിനാണ്​ അദ്ദേഹം മരണത്തിന്​ കീഴടങ്ങിയത്​.

നജീബ്​ എപ്രിൽ 27 ന്​ പങ്കുവെച്ച ഫേസ്​ബുക്ക്​ കുറിപ്പിന്‍റെ പൂർണ രൂപം:

പ്രിയപ്പെട്ടവരേ,
എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മൾ നടന്നാലും ചില അനിവാര്യമായ കീഴ്​പ്പെടലുകൾക്ക് വിധേയരാകേണ്ടിവരും.. 'കൊറോണ' അതുപോലെ ഒന്നാണെന്ന് തോന്നുന്നു.. കഴിഞ്ഞ മാസം മുഴുവൻ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ പങ്കാളിയായപ്പോഴും ജനങ്ങൾക്കിടയിലൂടെ നടന്നപ്പോഴും രോഗം പിടിപെടാതിരിക്കാൻ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ ഒരു വർഷത്തോളമായി ലോകം മുഴുവനും തുടരുന്ന ജാഗ്രതക്കുമുന്നിൽ തോറ്റുകൊടുക്കാത്ത കൊറോണ വൈറസ് എന്‍റെ ശരീരത്തെയും കീ​ഴ്​പ്പെടുത്തിയിരിക്കുന്നു..
ചെറിയ ക്ഷീണവും പനിയും കാരണം കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോൾ പോസിറ്റീവ്.. മുഴുവൻ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു... ഒരുനേരം ഭേദമായി എന്ന് കരുതി ആശ്വസിച്ചിരിക്കെ അടുത്ത നേരം കടുത്ത ക്ഷീണത്തിന് കീഴ്​പ്പെടേണ്ടിവരുന്ന തരത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രോഗാവസ്ഥ...
എന്നിരുന്നാലും ഈ പുണ്യമാസത്തിൽ സർവശക്തനെ ഭാരമേല്പിച്ചും വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചും കഴിച്ച് കൂട്ടുകയായിരുന്നു... എന്നാൽ മിനിയാന്ന് മുതൽ ചെറുതായി ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.. അത് കൂടിക്കൂടി വന്നപ്പോൾ പിടിച്ചു നിൽക്കാനാവാതെ കോഴിക്കോട് മൈത്ര ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിരിക്കുകയാണ്... രക്തത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞിരിക്കുന്നതിനാൽ ഓക്സിജൻ സ്വീകരിച്ചും, മറ്റു അനുബ്ധമായി വേണ്ടുന്ന ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്...
അൽഹംദുലില്ലാഹ്..!! സർവശ്കതന് എല്ലാ സ്തുതിയും..!!
കഴിഞ്ഞ വർഷം ദമ്മാമിൽ നിന്നും പോരുന്നത് വരെ കൊറോണയുമായി ബന്ധപ്പെട്ട കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളിയായിക്കൊണ്ടും... കൂടെപ്പിറപ്പുകൾക്ക് താങ്ങായി നിൽക്കുന്ന കർമധീരരുടെ മുന്നിൽ നടക്കാൻ കഴിഞ്ഞും...
നാടണയാൻ കൊതിച്ച പ്രവാസികളുടെ ആഗ്രഹസാഫല്യത്തിനു ചുക്കാൻ പിടിച്ചുകൊണ്ടും... അങ്ങനെയങ്ങനെ ഈ ജന്മത്തിൽ ചെയ്ത ചെറുതും വലുതുമായ എല്ലാ പുണ്യപ്രവർത്തികളുടെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയുടെയും ഫലമായി ഞാൻ പൂർവസ്ഥിതിയിലേക്ക് തിരിച്ചു വരും .. ഉറപ്പ്... അതിനുള്ള പരിശ്രമം നടക്കുകയാണ്...
നമ്മുടെയൊക്കെ കയ്യിൽ എന്തുണ്ടായിട്ടും ശ്വസിക്കാൻ 'ജീവവായു' കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു... ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ടി വരി നിൽക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാൻ നമുക്കോരോരുത്തർക്കും ഈയവസരത്തിൽ കഴിയേണ്ടതാണ്...
രണ്ടാം തരംഗം കൂടുതൽ ശക്തമാകുമ്പോഴും അലസമായി മാസ്ക് ധരിക്കുന്ന, അനാവശ്യമായ സംഗമങ്ങൾക്കും മെനക്കെടുന്ന, രോഗം ഉണ്ടെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാൻ മെനക്കെടാതെ നിരപരാധികളെ കൂടി കഷ്ടത്തിലാക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും നമുക്കിടയിൽ ഉണ്ട്...വൈറസിനെപ്പോലെ അക്കൂട്ടരും ഈ അവസ്ഥക്ക് കാരണക്കാരാണ്...
അനുഭവത്തിന്‍റെ വെളിച്ചത്തിൽ എനിക്കൊന്നേ പറയാനുള്ളൂ... തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്ന..,ഈ ദുരിതകാലം സ്വന്തം മുഖഛായ മിനുക്കാനുള്ള അവസരമായി കാണുന്ന.., ഒരു രാജ്യത്തെ പൗരന്മാരുടെ പൗരാവകാശമായ വാക്‌സിന് പോലും വിലയീടാക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ ജീവിക്കാൻ 'വിധിക്കപ്പെട്ട' നമ്മൾ ഓരോരുത്തരും മാത്രമാണ് നമുക്കും ഈ സമൂഹത്തിനും രാജ്യത്തിനും കാവലായി നിൽക്കേണ്ടത്...
ഈ പുണ്യമാസത്തിൽ നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകളിൽ എന്നെയും എന്നെപ്പോലെ ഈ രോഗത്തിനു അടിമപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു..


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - pm najeeb's fb post
Next Story