ബംഗളൂരു: പോപ്പ് ഫ്രാൻസിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ച രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തിയെന്ന് ആർ.എസ്.എസ്.
'ഭരണകൂടത്തിന്‍റെ തലവൻ ആരെയെങ്കിലും കാണുന്നതിൽ ഈ ലോകത്ത് എന്താണ് തെറ്റായുള്ളത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. മോദി മറ്റ് രാഷ്ട്രത്തലവന്മാരെ കാണുന്നതും രാജ്യത്തിന്‍റെ അന്തസ്സ് ഉയർത്തുന്നതും സന്തോഷമുളവാക്കുന്ന കാര്യമാണ്' -ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ബംഗളൂരുവിൽ പറഞ്ഞു. അഖില ഭാരതീയ കാര്യകാരി മണ്ഡൽ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.
16ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദർശിച്ചത്. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ഒൗദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്തതായാണ് വിവരം. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ സംബന്ധിച്ചും ഇരുവരും സംസാരിച്ചു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും പങ്കെടുത്തു.