
പ്രധാനമന്ത്രി കൊച്ചിയിൽ; ബി.പി.സി.എൽ പ്ലാന്‍റ് നാടിന് സമർപ്പിച്ചു
text_fieldsകൊച്ചി: ഔദ്യോഗിക പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. കൊച്ചി നാവിക സേന വിമാനത്താവളത്തിലാണ് പ്രത്യേകം സജ്ജീകരിച്ച വിമാനത്തിൽ അദ്ദേഹമെത്തിയത്.
സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധികളായി മന്ത്രി ജി. സുധാകരൻ, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവർ േമാദിയെ സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവിയും നാവിക സേന വിമാനത്താവളത്തിലെത്തിയിരുന്നു. എറണാകുളം ജില്ലയിൽ 4000 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
അഞ്ച് ഔദ്യോഗിക പരിപാടികളിലാണ് മോദി പങ്കെടുക്കുക. ബി.പി.സി.എൽ പ്ലാന്‍റ് മോദി നാടിന് സമർപ്പിച്ചു. അമ്പലമേട് വി.എച്ച്.എസ്.ഇ സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ സാഗരികയുടെ ഉദ്ഘാടനവും നിർവഹിക്കും. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.
അതേസമയം ഇന്ധനവില വർധനവിനും കേന്ദ്രനയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ കറുത്ത ബലൂൺ ഉയർത്തി പ്രതിഷേധിച്ചു. ഹിൽ പാലസിന് മുമ്പിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി ബി.പി.സി.എല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചിരുന്നത്. എന്നാൽ എസ്.പി.ജിയുടെ നിർദേശം കണക്കിലെടുത്ത് ഹിൽ പാലസിന് മുമ്പിലേക്ക് മാറ്റുകയായിരുന്നു. 500ഒാളം കറുത്ത ബലൂണുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ചെന്നൈയിൽനിന്നാണ് മോദി കൊച്ചിയിെലത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച അർജുൻ യുദ്ധടാങ്ക് മോദി കരസേന മേധാവി ജനറൽ എം.എം. നരവണെക്ക് കൈമാറി. ചെന്നൈയിൽ വെച്ചാണ് യുദ്ധടാങ്ക് കൈമാറിയത്.
തമിഴ്നാട്ടിലും കേരളത്തിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മോദിയും സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
