മോദി അമേരിക്കക്ക് വഴങ്ങുന്ന ഒത്തുതീർപ്പ് പ്രധാനമന്ത്രി -അമർജിത് കൗർ
text_fieldsതൃശൂർ: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നയം വ്യക്തമാക്കണമെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ. ടൗൺഹാളിൽ എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാഷ്ട്രങ്ങളുടെ തലവന്മാർ ആരായിരിക്കണമെന്ന് ആയുധക്കച്ചവടക്കാരും യുദ്ധക്കൊതിയന്മാരുമാണ് തീരുമാനിക്കുന്നത്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായതും ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതും അങ്ങനെയാണ്. ഇത്തരം കുത്തക ഭീമന്മാർ ലോകമാകെ കൈപ്പിടിയിലൊതുക്കുകയും നവകോളനിവത്കരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഇന്ത്യ-അമേരിക്ക ഡീൽ എന്താണ് എന്നറിയാൻ ഇന്ത്യൻ ജനതക്ക് അവകാശമില്ലേ? അമേരിക്കയുടെ നിർബന്ധങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങുന്ന ഒത്തുതീർപ്പ് പ്രധാനമന്ത്രിയായി മോദി തരംതാഴ്ന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. എണ്ണയാൽ സമ്പന്നമായ രാഷ്ട്രങ്ങളെ ഉന്നംവെക്കുകയും അവരുടെ രാഷ്ട്രത്തലവന്മാരെ ഗുരുതര കുറ്റങ്ങൾ ചുമത്തി ജയിലിലടക്കുകയുമാണ് ട്രംപ് ചെയ്യുന്നത്. വെനസ്വേലയിൽ കണ്ടത് അതാണ്. ക്യൂബയിൽ കാണാൻ പോകുന്നതും അതാണ്. അന്താരാഷ്ട്ര നിയമങ്ങൾ ദുർബലമാക്കപ്പെടുമ്പോഴും ചേരിചേരാ നയത്തിന്റെ സ്ഥാപകരായ ഇന്ത്യ കുറ്റകരമായ നിശ്ശബ്ദത പാലിക്കുന്നു.
നീറ്റ് പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ചോദിച്ച വിദ്യാർഥികളെ പാകിസ്താനികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തുന്നു. നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് വരുന്ന വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും സ്വപ്നങ്ങളെ തകർത്തെറിഞ്ഞ നരേന്ദ്ര മോദിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അമർജിത് കൗർ കൂട്ടിച്ചേർത്തു. എ.ഐ.ടി.യു.സി ദേശീയ നേതാക്കളായ കെ.പി. രാജേന്ദ്രൻ, രാമകൃഷ്ണ പാണ്ഡ, വഹീദ നിസാം, കെ. രാജൻ എം.എൽ.എ, കെ.ഇ. ഇസ്മയിൽ, ടി.ജെ. ആഞ്ചലോസ്, ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ സ്വാഗതവും എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ടി.കെ. സുധീഷ് നന്ദിയും പറഞ്ഞു. ദേശീയ ജനറൽ കൗൺസിൽ ജൂൺ മൂന്നിന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

