പി.എം ഫൗണ്ടേഷൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു
text_fieldsഎറണാകുളം ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി.എം ഫൗണ്ടേഷന്‍റെ 2026ലെ എക്സലൻസ് അവാർഡ് പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ അധികൃതർ ഹാരിസ് ബീരാൻ എം.പിയിൽനിന്ന് ഏറ്റുവാങ്ങുന്നു. ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ഹനീഷ്, ഡോ. പി. മുഹമ്മദാലി, ഡോ. എൻ.എം. ഷറഫുദ്ദീൻ, ഡോ. പി.എം. മുബാറക് പാഷ, ഖദീജ മുഹമ്മദ് അലി, അർഷിയ അയൂബ്, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, റസിയ മുഹമ്മദ് അലി, നജീബ് കാന്തപുരം, സി.എച്ച്.എ. റഹീം, എം.എം. അബ്ദുൽ ബഷീർ തുടങ്ങിയവർ സമീപം
കൊച്ചി: സമൂഹം നമുക്ക് നൽകുന്ന സൗഭാഗ്യങ്ങൾ അനുഭവിച്ചാൽ മാത്രം പോരെന്നും അതിന് പകരം സമൂഹത്തിന് വേണ്ടി സേവനം നൽകാനും ഓരോ വിദ്യാർഥിയും തയാറാകണമെന്ന് ഹാരിസ് ബീരാൻ എം.പി. ഡോ. ഗൾഫാർ പി. മുഹമ്മദാലി സ്ഥാപകനായ പി.എം ഫൗണ്ടേഷന്‍റെ വാർഷിക അവാർഡ് ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പുതുതലമുറ മുന്നിൽ വരുന്ന അവസരങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നും ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു. പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം സർക്കാർ സർവിസിലും ജുഡീഷ്യറിയിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്. എ.ഐ ടൂളുകളെക്കാൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകണം. നൂതന കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന തലമുറക്ക് എല്ലാവിധ പ്രോത്സാഹനവും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. ഗൾഫാർ പി. മുഹമ്മദാലി സന്ദേശം നൽകി. നജീബ് കാന്തപുരം എം.എൽ.എ പ്രത്യേക അതിഥിയായിരുന്നു. പി.എം ഫൗണ്ടേഷൻ മാധ്യമവുമായി സഹകരിച്ച് നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ 303 വിദ്യാർഥികളെ ആദരിച്ചു. ഫൗണ്ടേഷന്‍റെ സ്കോളർഷിപ് ലഭിച്ച വിജയികളെയും പി.എം ഫെല്ലോഷിപ്പിന് അർഹരായ വിദ്യാർഥികളെയും ആദരിച്ചു.
‘സമഗ്ര വിദ്യാഭ്യാസം ബോധന നവീകരണത്തിലൂടെ’ മുഖ്യപ്രമേയമാക്കി നടത്തിയ മികച്ച സ്കൂൾ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹത നേടിയ പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മൂന്നുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം സമ്മാനിച്ചു. രണ്ടാം സമ്മാനത്തിന് അർഹത നേടിയ കൊല്ലം ജില്ലയിലെ ഇരവിപുരം ഗവ. എൽ.പി സ്കൂളിന് രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരവും സമ്മാനിച്ചു.
ചാർട്ടേർഡ് അക്കൗണ്ടൻസി പാസായ വിദ്യാർഥികളെയും സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ വിദ്യാർഥിനിയെയും ആദരിച്ചു. പി.എം ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ഖദീജ മുഹമ്മദലി, സി.എച്ച്.എ. റഹീം, എൻ.എം. ഷറഫുദ്ദീൻ, അഷ്റഫ് കടക്കൽ, എം.എം. അബ്ദുൽ ബഷീർ, മാധ്യമം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.എം. സാലിഹ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

