കുണ്ടറയിൽ പ്ലൈവുഡ് ഗോഡൗണിന് തീ പിടിച്ചു; 80 ലക്ഷത്തിന്റെ നഷ്ടം
text_fieldsകേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീപിടിച്ചപ്പോൾ
കുണ്ടറ: കേരളപുരത്ത് പ്ലൈവുഡ് ഗോഡൗണിന് തീ പിടിച്ച് 80 ലക്ഷം രൂപയുടെ നഷ്ടം. കേരളപുരത്ത് അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടന്നിരുന്ന 'അഞ്ജലി' തിയറ്ററിനാണ് തീപിടിച്ചത്. ശാന്തിലാലിന്റെയും ഭാര്യ പ്രിയയുടെയും പേരിലുള്ള കേരളപുരത്തെ ഭദ്ര ട്രേഡേഴ്സിന്റെ ഗോഡൗണായിരുന്നു ഇത്.
ഞായറാഴ്ച എത്തിയ ലോഡ് ഉൾപ്പെടെ 80 ലക്ഷത്തോളം രൂപയുടെ പ്ലൈവുഡ് സമഗ്രികളാണ് പൂർണമായും കത്തിനശിച്ചത്.
ബംഗാളുകാരായ തൊഴിലാളികൾ രാത്രിയിൽ ഇവിടെയായിരുന്നു ഉറങ്ങുന്നത്. അവർ രാവിലെ പുറത്തുപോയിരുന്നു. നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് ജോലിയിൽ ഏർപ്പെട്ടിരുന്ന വെൽഡിങ് തൊഴിലാളികളാണ് വൈകീട്ട് മൂന്നോടെ തീ കണ്ടത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും തീ നിയന്ത്രണാതീതമായിരുന്നു. കുണ്ടറ, കൊട്ടാരക്കര, കടപ്പാക്കട, കൊല്ലം, ശാസ്താംകോട്ട എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
നാലു മണിക്കൂർ നേരത്തെ കഠിനാധ്വാനംകൊണ്ടാണ് തീ പൂർണമായും കെടുത്തിയത്. കുണ്ടറ പൊലീസ്, റവന്യൂ, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
വാനോളം പുക; പകച്ച് ജനം, തിയറ്റർ കത്തുന്നത് രണ്ടാം തവണ
കുണ്ടറ: വാനോളം പുകയുയർന്നപ്പോൾ ജനം ആകെ പകച്ചു. 20 വർഷം മുമ്പ് ഇതേപോലെ തീകത്തിയപ്പോൾ ജനം പലവഴിക്ക് ഭയന്നോടിയിരുന്നു.
അന്ന് തിയറ്റർ ഓല ഷെഡായിരുന്നു. ഇപ്പോഴിത് ആസ്ബസ്റ്റോസ് പാകിയ കെട്ടിടമാണ്. പുകയുടെ അമിത സാന്നിധ്യം തീ അണക്കുന്നതിന് ഏറെ തടസ്സമായിരുന്നു. അഗ്നിരക്ഷാസേന കഠിന ശ്രമം നടത്തിയാണ് തീ അണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

