കാശിക്ക് പോകുന്നുവെന്ന് കത്തെഴുതി വിദ്യാർഥി നാടുവിട്ട സംഭവം: അന്വേഷണം ഇന്ന് എസ്.ഐ.ടി ഏറ്റെടുക്കും; തെരച്ചിൽ വാരണാസിയിലേക്കും
text_fieldsകണ്ണൂർ: കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം അന്വേഷണം ഇന്ന് എസ്.ഐ.ടി ഏറ്റെടുക്കും. കണ്ണൂർ പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ 17കാരൻ ശിവസൂര്യയെ കണ്ടെത്താനായാണ് തെരച്ചിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്.
കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് സംഘം നിലവിൽ കർണാടകയിലെ മൈസൂരുവിലെത്തിയിട്ടുണ്ട്. ശിവസൂര്യ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ വാരണാസിയിലെ (കാശി) മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. നന്ദു ഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ശിവസൂര്യയെ വീട്ടിൽനിന്ന് കാണാതാകുന്നത്. ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ശിവസൂര്യയുടെ കൈയിൽനിന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങിവെച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ഇറങ്ങിപ്പോയത്.
കുട്ടിയെ കണ്ടെത്താനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പാലക്കാട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് അന്വേഷണം മന്ദഗതിയിലായതോടെയാണ് അന്വേഷണ ചുമതല എസ്.ഐ.ടിക്ക് കൈമാറിയത്. ശിവസൂര്യക്കായി തെരച്ചിൽ ശക്തമാക്കണമെന്ന് സ്കൂൾ പി.ടി.എ യോഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

