പ്ലസ് വൺ; ജില്ലയിൽ 4079 സീറ്റ് ‘കാലി’
text_fieldsപത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്ന് പ്രധാന അലോട്ട്മെന്റും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റും പൂര്‍ത്തിയായിരിക്കേ ജില്ലയില്‍ 4079 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സർക്കാർ സ്കൂളിൽ 1317 സീറ്റും എയ്ഡഡിൽ 1405, അംഗീകൃത അൺഎയ്ഡഡ് ബാച്ചുകളിൽ 1357 സീറ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. 14,072 സീറ്റിൽ 10,623 എണ്ണത്തിൽ പ്രവേശനം നൽകി. രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റിൽ രണ്ട് സീറ്റിലേക്ക് മാത്രമാണ് കുട്ടികൾ എത്തിയത്.
സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റ് ഒഴിവുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. ഏതാനും വർഷങ്ങളായി പ്രവേശന നടപടി പൂർത്തീകരിക്കുമ്പോഴും പത്തനംതിട്ടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുക പതിവാണ്. 13,859 അപേക്ഷയാണ് ഇക്കുറി ലഭിച്ചത്.
ഇതില്‍ 3360 പേര് ജില്ലക്ക് പുറത്തു നിന്നായിരുന്നു. ഭിന്നശേഷിക്കാരുടേത് ഉള്‍പ്പെടെ 9906 മെറിറ്റ് സീറ്റുകളില്‍ 9196 എണ്ണത്തിലാണ് പ്രധാന അലോട്ട്മെന്റിലൂടെ പ്രവേശനം നല്‍കിയത്. മെറിറ്റ് സീറ്റിലും മാനേജ്മെന്റ് ക്വോട്ടയിലും അൺഎയ്ഡഡ് വിഭാഗത്തിലും സ്പോർട്സ് ക്വോട്ടയിലുമെല്ലാം ഇക്കൊല്ലം സീറ്റുകൾ ഒഴിവുണ്ട്.
മാനേജ്മെന്റ് ക്വോട്ടയിൽ 200ൽ താഴെ
ജില്ലയിലെ സ്കൂളുകളില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ 1750 സീറ്റുകളുണ്ടായിരുന്നതില്‍ 200 കുട്ടികളിൽ താഴെ മാത്രമാണ് ഇക്കുറി എത്തിയത്. മെറിറ്റ് സീറ്റിൽ പ്രവേശനം സാധ്യമാകുമെന്നിരിക്കേ മാനേജ്മെന്റ്, അൺഎയ്ഡഡ് സീറ്റുകളോട് താൽപര്യക്കുറവ് പ്രകടമായി.
മലപ്പുറം, കാസർകോട് ജില്ലകളിൽ മതിയായ സീറ്റുകൾ ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. ഇതുകൂടാതെ ഒഴിവുള്ള ജില്ലകളിലേക്ക് അന്തർ ജില്ല സീറ്റ് മാറ്റത്തിനുള്ള അപേക്ഷയും പരിഗണിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ ജൂലൈ 31വരെ 23,908 അപേക്ഷകൾ അന്തർജില്ല സീറ്റ് മാറ്റത്തിനു ലഭിച്ചു. ഇതിൽ 23,507 അപേക്ഷകൾ പരിഗണിച്ച് പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒഴിവ് ഏറെയും ഹ്യുമാനിറ്റീസിൽ
നഗര മേഖലകളിലടക്കം ഒഴിവുകളേറെയുള്ളത് ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ്. സയന്‍സ് ബാച്ചുകളില്‍ ഗ്രാമീണ മേഖലകളില്‍ സീറ്റുകള്‍ ബാക്കിയാണ്. ഇവിടങ്ങളില്‍ ഹ്യുമാനിറ്റീസിനും ഒഴിവുകളുണ്ട്.
കോമേഴ്സ് ബാച്ചുകളിലേക്ക് ഒട്ടുമിക്ക സ്കൂളുകള്‍ക്കും മതിയായ കുട്ടികളെ ലഭിച്ചിട്ടുണ്ട്. 2300 സീറ്റുകളാണ് ഹ്യുമാനിറ്റീസിൽ ഉണ്ടായിരുന്നത്. സയന്‍സില്‍ 7350 സീറ്റുകളും കോമേഴ്സില്‍ 3550 സീറ്റുമാണുള്ളത്.
കുട്ടികളുടെ കുറവ് ബാച്ചുകളെ ബാധിക്കും
ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായത് ഏറെയും ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളിലാണ്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പല ബാച്ചുകളിലേക്കും മതിയായ കുട്ടികളെ ലഭിച്ചിട്ടില്ല.
ഒരു ബാച്ചിന് ആവശ്യമായ കുട്ടികളുടെ എണ്ണം അമ്പതാണ്. ബാച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ നിലവില്‍ ആവശ്യമുള്ളത് 25 കുട്ടികളാണ്.
രണ്ടാമതൊരു ബാച്ച് തുടങ്ങണമെങ്കില്‍ 75 കുട്ടികള്‍ വേണം. 25 കുട്ടികളുടെ പിന്‍ബലത്തിലാണ് ജില്ലയിലെ പല സ്കൂളുകളിലും ബാച്ചുകള്‍ നിലനില്ക്കാന് തന്നെ കാരണം.
കഴിഞ്ഞ വർഷവും കുട്ടികളില്ല
കഴിഞ്ഞ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ജില്ലയിലെ സ്കൂളുകളിലുണ്ടായിരുന്നത്. ഇത്തവണ സ്ഥിതി അതിലും മോശമാണെന്ന് അധ്യാപകര്‍ പറയുന്നു.
തുടര്‍ച്ചയായ മൂന്നുവര്‍ഷം കുട്ടികള്‍ കുറയുന്ന സാഹചര്യത്തില്‍ ബാച്ചുകള്‍ നഷ്ടമാകും. കുട്ടികളുടെ കുറവു കാരണം നേരത്തേ തന്നെ ബാച്ചുകള്‍ നഷ്ടമാകുകയും ഹയര്‍ സെക്കന്‍ഡറി തന്നെ വേണ്ടെന്നുവെക്കുകയും ചെയ്ത വിദ്യാലയങ്ങള്‍ ജില്ലയിലുണ്ട്.
സര്‍ക്കാര്‍ കണക്കില്‍ ഇപ്പോഴും 95 സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിച്ചിട്ടുണ്ടെങ്കിലും 80 സ്കൂളുകളില്‍ മാത്രമാണ പ്രവേശന നടപടി നടന്നത്. അണ്‍എയ്ഡഡ് ബാച്ചുകൾ ആരംഭിച്ച സ്കൂളുകള്‍ പലതും ഇതിനകം പ്രവേശനം നിർത്തിവെച്ചു.
വി.എച്ച്.എസ്.ഇയിലും സീറ്റ് ഒഴിവ്
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലും കുട്ടികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. 1300ഓളം സീറ്റുകളാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിലുള്ളത്. വ്യത്യസ്ത സബ്ജക്ട് കോമ്പിനേഷനാണ് സ്കൂളുകളിലുള്ളത്.
ജില്ലയില്‍ പത്താംക്ലാസ് പാസായ കുട്ടികളുടെ എണ്ണത്തേക്കാള്‍ അധികമാണ് ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ള സീറ്റുകളുടെ എണ്ണം. ഐ.ടി.ഐ, പോളിടെക്നിക് കോഴ്സുകളിലും പത്താംക്ലാസുകാര്ക്കായി ബാച്ചുകളുണ്ട്.
ഇവിടങ്ങളിലും കുട്ടികളെ ലഭിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. കുട്ടികളുടെ കുറവ് പല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

