പ്ലസ് വൺ: അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാതെ 15,795 സീറ്റുകൾ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവരിൽ 15,795 പേർ പ്രവേശനം നേടിയില്ല. രണ്ട് അലോട്ട്മെൻറുകളിലൂടെ ഇതുവരെ പ്രവേശനം നേടിയവരുടെ എണ്ണം 2,22,377 ആണ്. രണ്ടാം ഘട്ടത്തിൽ പ്രവേശനം നേടാത്തതും നേരത്തേ ഒഴിവുള്ള സംവരണ സീറ്റുകളും ചേർത്ത് 84,794 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. സംവരണ സീറ്റുകൾ മെറിറ്റിലേക്ക് മാറ്റി ശേഷിക്കുന്ന മുഴുവൻ സീറ്റുകളും മൂന്നാം അലോട്ട്മെൻറിൽ നികത്തും. ജൂലൈ ഒന്നിന് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും.
ആവശ്യമെങ്കിൽ അധിക താൽക്കാലിക ബാച്ചുകൾ -മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് കുറവുണ്ടെങ്കിൽ മൂന്നാം അലോട്ട്മെൻറിന് ശേഷം താലൂക്ക്, പഞ്ചായത്ത് തല കണക്ക് പരിശോധിച്ച് അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സീറ്റുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിൽ ആണ്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞതിനു ശേഷമേ അലോട്ട്മെന്റ് സംബന്ധിച്ച ചിത്രം വ്യക്തമാവൂ. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാൻ ഉള്ള ശ്രമം സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകൾ മലപ്പുറത്തേക്ക് ട്രാൻസ്ഫർ ചെയ്തത്.
നിലവിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ ആയി 2,22,377 പേർ പ്രവേശനം നേടിക്കഴിഞ്ഞു. മൂന്നാം അലോട്ട്മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനം ഉണ്ടാകും. സ്പോർട്സ് േക്വാട്ടയിൽ 3841 സീറ്റുകൾ ഉണ്ട്. അങ്ങനെ മൂന്ന് അലോട്ട്മെന്റുകളിൽ ആയി 3,11,012 പേർ പ്രവേശനം നേടുമെന്ന് കരുതുന്നു.
കൂടാതെ, കമ്യൂണിറ്റി േക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്മെന്റ് േക്വാട്ടയിൽ 37,995 സീറ്റുകളും ഉണ്ട്. അൺ എയ്ഡഡ് േക്വാട്ടയിൽ 54,585 സീറ്റുകൾ ആണുള്ളത്. അങ്ങനെ മൊത്തം 4,27,506 സീറ്റുകൾ നിലവിൽ ഉണ്ട്. ഈ വർഷം എസ്.എസ്.എൽ.സി പാസായവർ 4,17,944 ആണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

