പ്ലസ് വൺ സംവരണം: എ.ജിയുടെ നിയമോപദേശം തേടി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, സംവരണ പ്രശ്നത്തിൽ സർക്കാർ അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം തേടി. മൊത്തം സംവരണം 50 ശതമാനം കവിഞ്ഞതാണ് പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കുന്നതിന് തടസ്സമായത്.
പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഫയൽ മുഖ്യമന്ത്രിക്ക് അയക്കുകയും നിയമവകുപ്പിൽനിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ അഡ്വക്കറ്റ് ജനറലിൽനിന്ന് ഉപദേശം തേടിയത്. കഴിഞ്ഞ വർഷം പുതുതായി 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയതോടെയാണ് സർക്കാർ ഹയർ സെക്കൻഡറികളിൽ മൊത്തം സംവരണം 48ൽ നിന്ന് 58 ശതമാനമായി ഉയർന്നത്. മറാത്ത സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ സംവരണം 50 ശതമാനം കവിയരുതെന്ന് ആവർത്തിച്ചതോടെയാണ് പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി രൂപപ്പെട്ടത്.
പ്രശ്നം ശ്രദ്ധയിൽപെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സർക്കാറിന് കത്ത് നൽകിയത്. എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും പ്ലസ് വൺ പ്രവേശന വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കാനാകാത്തത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതോടെ ആഗസ്റ്റ് ആദ്യം പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. എന്നാൽ, പറഞ്ഞ സമയമായിട്ടും സംവരണക്കുരുക്കിൽ പ്രവേശന നടപടി വൈകുകയാണ്. പ്രവേശന നടപടി വൈകിയാൽ പ്ലസ് വൺ ക്ലാസ് തുടങ്ങുന്നതും അധ്യയനം പൂർത്തിയാക്കുന്നതും വൈകും.

