കോഴിക്കോട്: അർഹരായ മുഴുവൻ വിദ്യാർഥികൾക്കും അവർ ആവശ്യപ്പെട്ട വിദ്യാലയത്തിൽ പ്ലസ് വൺ പ്രവേശനം നൽകണമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർ. ഭിന്നശേഷി കമീഷണർ എസ്.എച്ച്. പഞ്ചാപകേശനാണ് കേന്ദ്ര ഭിന്നശേഷി നിയമം 31ാം വകുപ്പ് പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്. എസ്.എസ്.എൽ.സി വിജയിച്ച മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ള വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നിഷേധിച്ചത് വ്യാപക പരാതികൾക്കിടയാക്കിയിരുന്നു. കേന്ദ്ര ഭിന്നശേഷി നിയമമനുസരിച്ച് 21 ഭിന്നശേഷി വിഭാഗങ്ങളുണ്ട്. ഇവർക്ക് വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെ എല്ലാ മേഖലയിലും തുല്യ അവസരമൊരുക്കണമെന്ന് നിയമം നിർദേശിക്കുന്നു. ഭിന്നശേഷി സൗഹൃദമെന്ന് പ്രഖ്യാപിക്കപ്പെട്ട കേരളത്തിൽ ഭിന്നശേഷിക്കാർക്ക് അവസരം നിഷേധിച്ചത് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലും പരാതിയെത്തിയിരുന്നു.
സംസ്ഥാനത്ത് എസ്.എസ്.എൽ.സി വിജയശതമാനം ഇത്തവണ ഗണ്യമായി വർധിച്ചപ്പോൾ ആനുപാതികമായി പ്ലസ് വൺ സീറ്റ് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഭിന്നശേഷി കുട്ടികളെ വിദ്യാലയ പടിക്ക് പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ് രഹസ്യ നീക്കം നടത്തിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.