പ്ലസ് വൺ:ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ വിദ്യാർഥികൾ
text_fieldsകൽപറ്റ: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റും പൂർത്തിയായതോടെ വയനാട്ടിൽ ഇഷ്ടവിഷയവും സ്കൂളും ലഭിക്കാതെ നിരവധി വിദ്യാർഥികൾ. ഇത്തവണ ജില്ലയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 11,215 കുട്ടികളിൽ 11,169 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 12,085 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് എന്നാണ് കണക്ക്.
ജില്ലയിൽനിന്ന് സംസ്ഥാന സിലബസിലും സി.ബി.എസ്.ഇയിലും പഠിച്ച 11814 പേരും മറ്റു ജില്ലക്കാരായ 211 വിദ്യാർഥികളും ഉൾപ്പെടെയാണിത്. ഇതിലാണ് 8931 സീറ്റുകളിലേക്ക് അലോട്മെന്റ് നടന്നത്. ആകെ 8981 സീറ്റുകളാണ് അലോട്ട് ചെയ്തിരുന്നത്. അലോട്ട്മെന്റ് പൂർത്തിയായപ്പോൾ 165 സീറ്റുകൾ മാത്രമേ ഒഴിവുള്ളൂവെന്നാണ് കഴിഞ്ഞ ദിവസത്തെ കണക്കുകൾ. പ്രവേശനനടപടികൾ പൂർത്തിയായാൽ മാത്രമേ എത്ര കുട്ടികൾക്കാണ് പ്രവേശനം കിട്ടിയത് എന്ന് അറിയാനാകൂ.
എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റും പോളിടെക്നിക്, വി.എച്ച്.എസ്.ഇ എന്നിവയുടെ സീറ്റുകളുടെയും കണക്ക് കാണിച്ചാണ് വയനാട്ടിൽ എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് തുടർപഠനത്തിന് ആവശ്യമായ സൗകര്യമുണ്ടെന്ന് അധികൃതർ ന്യായീകരിക്കുന്നത്. എന്നാൽ, ഇഷ്ടപ്പെട്ട സ്കൂളുകളിൽ ഇഷ്ടപ്പെട്ട ഗ്രൂപ് കിട്ടാതെ നിരവധി പേർ പുറത്താകുന്ന അവസ്ഥയാണ് ഇക്കുറിയും വയനാട്ടിലെ കുട്ടികൾക്കുണ്ടാവുക.
ആകെ അപേക്ഷിച്ചവരിൽ എത്ര പേർ വയനാട്ടിൽതന്നെ പ്രവേശനം നേടി, എത്രപേർ മറ്റ് ജില്ലകളിലേക്ക് മാറി എന്നും നടപടികൾ പൂർത്തിയായാൽ അറിയാനാകും. എന്നാൽ, ഇത്തവണ എസ്.എസ്.എൽ.സി ജയിച്ചവരുടെയും ആകെ പ്ലസ് വൺ സീറ്റുകളുടേയും എണ്ണം നോക്കുമ്പോൾ തന്നെ നിരവധി വിദ്യാർഥികൾക്ക് സീറ്റുകൾ കിട്ടില്ല.
പലർക്കും ഇഷ്ടപ്പെട്ട സ്ട്രീമും ലഭിക്കില്ല. പലർക്കും വീട്ടിൽനിന്ന് വിദൂരങ്ങളിലെ സ്കൂളിലായിരിക്കും പ്രവേശനം നേടാനാവുക. ഇതൊഴിവാക്കാൻ കൂടുതൽ പ്ലസ് വൺ സീറ്റുകളോ ബാച്ചുകളോ അനുവദിക്കേണ്ടി വരും. സ്ഥിരം ബാച്ചുകൾ അനുവദിക്കപ്പെടുക എന്നത് വൻ കടമ്പകളുള്ള നടപടിയാണ് എന്ന ന്യായീകരണമാണ് എല്ലാ കാലവും അധികൃതർ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ സർക്കാർ പ്ലസ് വൺ താൽക്കാലിക അധിക ബാച്ച് അനുവദിച്ചു.എങ്കിലും വയനാട്ടിലെ സീറ്റ് ക്ഷാമത്തിനുള്ള പരിഹാരം സംബന്ധിച്ച് അധികൃതർക്ക് മറുപടിയില്ല. ഗോത്രമേഖലയിലെ കുട്ടികൾ ഇഷ്ട ഗ്രൂപ്പടക്കം കിട്ടാതെ പഠനം നിർത്തുന്ന അവസ്ഥയും വയനാട്ടിൽ വ്യാപകമാണ്.
ഗോത്ര വിദ്യാർഥികളും പുറത്താകും
വയനാട്ടില്‍ പ്ലസ് വണ്‍ പ്രവേശനം കിട്ടാതെ ഗോത്രവിഭാഗം കുട്ടികളും പുറത്താകുന്ന അവസ്ഥയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓഡിനേറ്റര്‍ എം. ഗീതാനന്ദന്, ആദി ശക്തി സമ്മര്‍ സ്കൂള്‍ ഭാരവാഹികളായ മേരി ലിഡിയ, സതിശ്രീ ദ്രാവിഡ്, സൂര്യലക്ഷ്മി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഒഴിവാക്കാൻ അധികസീറ്റും ഗോത്രമേഖലയിലെ വിദ്യാലയങ്ങളില്‍ കൂടുതല്‍ ബാച്ചും അനുവദിക്കണം. പ്ലസ് വണ്‍ കൂടുതല്‍ സീറ്റ് അനുവദിക്കുന്നതില്‍ ജില്ലയെ അവഗണിച്ചു. ഉത്തര മലബാറിലെ സീറ്റ് കുറവ് പരിഗണിച്ച് നാല് ജില്ലകള്‍ക്ക് അധികം സീറ്റും ബാച്ചും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ, വയനാടിനെ ഒഴിവാക്കി. യഥാര്‍ഥത്തില്‍ ജില്ലയിലാണ് കൂടുതല്‍ സീറ്റ് ആവശ്യം. ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച 12,000ല്‍പരം കുട്ടികളില്‍ 8,831 പേര്‍ക്കാണ് ഒന്ന്, രണ്ട് അലോട്ട്മെന്റുകളില്‍ സീറ്റ് അനുവദിച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍ 700 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഗോത്രവിഭാഗങ്ങളില്നിന്നുമാത്രം ആയിരത്തിലധികം കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്.
മുമ്പ് ആദിവാസി വിദ്യാര്‍ഥികള്‍ പ്രക്ഷോഭം സംഘടിപ്പിച്ചശേഷം കൊണ്ടുവന്ന സ്പോട്ട് അലോട്ട്മെന്റ് ഗുണകരമായില്ല. അവസാനഘട്ട അലോട്ട്മെന്റില്‍ കുട്ടികള്‍ക്ക് വീടിന് വളരെ അകലെയുള്ള സ്ഥാപനങ്ങളിലും താൽപര്യമില്ലാത്ത കോഴ്സുകളിലുമാണ് പ്രവേശനം ലഭിച്ചത്. ഇങ്ങനെ പ്ലസ് വണ്‍ പഠനത്തിന് എത്തിയതില്‍ അധികവും കൊഴിഞ്ഞുപോയി.
മെന്റര്‍ ടീച്ചര്‍ നിയമനം പ്രഖ്യാപിത ലക്ഷ്യം നേടാന്‍ ഉതകുന്ന വിധത്തിലാകണം. പ്രത്യേക വിഭാഗം കുട്ടികള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ അതേ വിഭാഗക്കാരെ അധ്യാപകരാക്കണം. ഉദ്യോഗാര്‍ഥികളില്‍ ബി.എഡ്, ഡി.എല്‍എഡ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ അതത് സമുദായത്തിലെ ഡിഗ്രി, പി.ജി, പ്ലസ് ടു യോഗ്യതയുള്ളവരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്യണം. ജില്ലയില്‍ പണിയ വിഭാഗത്തിലെ 164 പേര്‍ക്ക് മെന്റര്‍ ടീച്ചര്‍ നിയമനം ലഭിക്കേണ്ടതുണ്ട്. ഇത്രയും ഒഴിവുകളില്‍ ഇതേ വിഭാഗത്തിലുള്ളവര്‍ക്ക് നിയമനം ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

