പ്ലസ് വൺ: ജില്ലയിൽ സീറ്റ് കുറവുണ്ടെന്നും ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി
text_fieldsമലപ്പുറം: ജില്ലയിൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് എം.എൽ.എമാർ നിയമസഭയിൽ നൽകിയ ചോദ്യങ്ങൾക്ക് വ്യത്യസ്ത മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പ്ലസ് വൺ സീറ്റ് കുറവുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് സീറ്റ് കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അപേക്ഷിച്ച മുഴുവൻ പേർക്കും ഉപരിപഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ടെന്നുമുള്ള വ്യത്യസ്ത മറുപടി. എ.പി. അനിൽകുമാർ, പി. ഉബൈദുല്ല എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടികൾ.
അപേക്ഷിച്ച കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകളുടെ എണ്ണത്തിൽ കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന ഉബൈദുല്ല ഉന്നയിച്ച ചോദ്യത്തിന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രിയുടെ ഉത്തരം. അപേക്ഷിച്ച മുഴുവൻ പേർക്കും ഉപരിപഠനത്തിന് ജില്ലയിൽ തന്നെ അവസരം ഒരുക്കിയിട്ടുണ്ടോ എന്ന അനിൽകുമാറിന്റെ ചോദ്യത്തിന് അവസരം ഒരുക്കിയെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
80,100 പേരാണ് പ്ലസ് വണിന് ജില്ലയിൽ അപേക്ഷിച്ചവരെന്നും മറുപടിയിൽ പറയുന്നു. എന്നാൽ, എവിടെയാണ് ഇവർക്കെല്ലാം ഉപരിപഠനത്തിന് അവസരം ഒരുക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
ജില്ലയിൽ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 45,997 സീറ്റുകളാണ് മെറിറ്റിൽ അനുവദിച്ചത്. ബാക്കിയുള്ളവരെല്ലാം മറ്റ് മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. കഴിഞ്ഞദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിലും വിചിത്രമായി കണക്കുമായി ഹയർ സെക്കൻഡറി അധികൃതർ എത്തിയിരുന്നു. പ്ലസ്വൺ വിദ്യാർഥികൾ സീറ്റില്ലാതെ നെട്ടോട്ടമോടുമ്പോഴും 373 സീറ്റുകൾ അധികമെന്ന വിചിത്ര വാദമായിരുന്നു അന്ന് ഉദ്യോഗസ്ഥർ ഉന്നയിച്ചത്.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഈ വാദം ഖണ്ഡിച്ച മന്ത്രി വി. അബ്ദുറഹ്മാൻ, ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നത് യാഥാർഥ്യമാണെന്നും സമഗ്രവും സത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത ശരിയല്ലെന്നും പറയുകയും ചെയ്തിരുന്നു. ഇതേരീതിയിലുള്ള ഉത്തരമാണ് നിയമസഭയിലും എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയിരിക്കുന്നത്.
സപ്ലിമെന്ററി അലോട്ട്മെന്റ്: ജില്ലയിൽ 4,640 സീറ്റ്
മലപ്പുറം: പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് വ്യാഴാഴ്ച മുതൽ അപേക്ഷിക്കാം. ജില്ലയിൽ 4,640 സീറ്റുകളാണ് സപ്ലിമെന്ററി അലോട്ട്മെന്റിൽ അനുവദിച്ചത്. ഒഴിവുകളുടെ വിവരങ്ങൾ ഏകജാലക വെബ് സൈറ്റിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവരെയും അപേക്ഷിക്കാത്തവരെയുമാണ് പരിഗണിക്കുക. അലോട്ട്മെന്റ് ലഭിക്കാത്തവർ പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം.
സ്കൂളുകളിലെ സീറ്റൊഴിവുകൾ നോക്കി വേണം ഓപ്ഷൻ നൽകാൻ. അപേക്ഷ നൽകാത്തവർ പുതിയ അപേക്ഷ നൽകണം. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെയാണ് ഇതിനുള്ള സമയം. അടുത്ത ആഴ്ച ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. മൂന്നു അലോട്ട്മെന്റുകളിലായി 45,994 പേർക്കാണു അവസരം നൽകിയത്. ഇവരിൽ 4,637 പേർ പ്രവേശനം നേടിയില്ല. വെബ് സൈറ്റ്: www.admission.dge.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

