'ഇനിയെങ്കിലും ദയവുചെയ്ത് നിർത്തൂ'; അൻസിബയ്‌ക്കെതിരായ ആരോപണങ്ങളിൽ ലക്ഷ്മിപ്രിയക്കെതിരെ ഭാഗ്യലക്ഷ്മി
text_fieldsകൊച്ചി: നടി അൻസിബയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി. അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഇത്തരത്തിൽ പരദൂഷണം പറയുന്നത് ലക്ഷ്മിപ്രിയയെത്തന്നെയാണ് അപഹാസ്യയാക്കുന്നതെന്നും ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കും ലക്ഷ്മിപ്രിയ തന്നെയാണ് ഉത്തരവാദിയെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. 'നിങ്ങൾ തന്നെ ഒരു വടി കൊടുത്ത് അടിക്ക് എന്ന് പറയുന്നത് പോലെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. എന്താണ് പറയുന്നതെന്ന് നിങ്ങൾക്കുതന്നെ ബോധമില്ല. ഒരു പെൺകുട്ടിയെക്കുറിച്ച് മറ്റൊരു പെണ്ണ് ഇത്രയും മോശമായി സംസാരിക്കുന്നത് എന്തിനാണ്?' ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പൊതുവേദിയിൽ (ജനറൽ ബോഡിയിൽ) തെളിവുകളോടെ കാര്യങ്ങൾ പറയാൻ അൻസിബ ശ്രമിച്ചെങ്കിലും ലക്ഷ്മിപ്രിയ അത് തള്ളിക്കളയുകയായിരുന്നു. തുടർന്ന് അൻസിബയെക്കുറിച്ച് അങ്ങേയറ്റം മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് ലക്ഷ്മിപ്രിയ ശ്രമിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 'അവൾ മദ്യം കഴിക്കും, അവൾക്ക് ഞാൻ മദ്യം ഒഴിച്ചുകൊടുത്തു എന്നൊക്കെ പറഞ്ഞ് നടക്കുന്നു. ഇതെല്ലാം അൻസിബയുടെ സ്വകാര്യ കാര്യങ്ങളാണ്. ഇതിൽ മറ്റുള്ളവർക്ക് എന്ത് പ്രശ്നമാണ് ഉള്ളത്?' ഭാഗ്യലക്ഷ്മി ആരാഞ്ഞു. ലക്ഷ്മിപ്രിയയോട് നേരിട്ടുള്ള ശൈലിയിൽ സംസാരിക്കുന്ന വീഡിയോയിൽ, ഇത്തരം ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. 'നിങ്ങളുടെ കൈവശം കൃത്യമായ തെളിവുകളുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കുക. അല്ലാതെ സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരത്തിൽ സ്വയം അപഹാസ്യയാകരുത്.' - ഭാഗ്യലക്ഷ്മി പറഞ്ഞു. ലക്ഷ്മിപ്രിയയെ ഉദ്ദേശിച്ചാണ് താൻ ഈ വീഡിയോ ഇടുന്നതെന്നും അവർ പ്രത്യേകം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

