Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ദയവുചെയ്ത്...

‘ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്’; ദുരനുഭവം പങ്കുവെച്ച് ഗതാഗത മന്ത്രിക്ക് കുറിപ്പുമായി യുവ സംവിധായക

text_fields
bookmark_border
‘ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്’; ദുരനുഭവം പങ്കുവെച്ച് ഗതാഗത മന്ത്രിക്ക് കുറിപ്പുമായി യുവ സംവിധായക
cancel
camera_alt

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കേരളത്തിലെ ഏറ്റവും നല്ല ഓട്ടോക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട്ടെ ഒരു ഓട്ടോക്കാരനിൽനിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവസംവിധായക കുഞ്ഞില മാസിലാമണി. രത്രിയിൽ ഓട്ടംവിളിച്ച ഓട്ടോക്കാരൻ കൂടുതൽ പണം ആവശ്യപ്പെട്ടെന്നും മോശം രീതിയിൽ സംസാരിച്ചെന്നും ഗതാഗത മന്ത്രിയെ സംബോധന ചെയ്ത് എഴുതിയ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

പലതവണ പരാതി നൽകിയിട്ടും ഓട്ടോക്കാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ പൊലീസോ മോട്ടോർ വാഹനവകുപ്പോ തയാറായിട്ടില്ല. രാത്രി ഓട്ടത്തിന് നിലവിലുള്ള നിയമം കർശനമായി നടപ്പാക്കണം, അല്ലെങ്കിൽ നിയമം മാറ്റണം. അന്യായ കൂലി വാങ്ങിയാൽ അറിയിക്കാൻ ഹെൽപ് ലൈൻ വേണം. മിനിറ്റുകൾക്കുള്ളിൽ സ്ക്വാഡ് എത്തണം. പറ്റുമെങ്കിൽ തന്നെ അപമാനിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുഞ്ഞില മാസിലാമണി ആവശ്യപ്പെടുന്നു

ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേയ്ക്ക്,
"നീ നാറ്റിക്കെടീ നായിന്‍റെ മോളെ അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ."
അല്പം മുമ്പ് ഒരു സ്ത്രീയോട് ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞിട്ടു പോയതാണ് വീഡിയോയിൽ. രാത്രി പത്തര മണിക്ക് കോഴിക്കോട് കെഎസ്ആർടിസിക്ക് എതിർവശമുള്ള ടോപ്‌ഫോമിന് മുന്നിൽ നിന്നും പിടിച്ച ഒട്ടോയാണ് കാണുന്നത്. മീറ്റർ ഇടില്ലയെന്നും ഇട്ടാൽ തന്നെ അതിന്‍റെ ഇരട്ടി വാങ്ങുന്നതാണ് പതിവ് എന്ന് അറിയാവുന്നത് കൊണ്ടും കയറുന്നതിനു മുമ്പ് എത്രയാവും എന്ന് ചോദിച്ചാണ് കയറിയത്. 120 എന്നാണ് പറഞ്ഞത്. വീട് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ പൈസ കൊടുക്കാൻ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ഇരുട്ടാണ്. പഴ്‌സിന്‍റെ ഉള്ളിൽ കാണാനായി ഫോണിലെ ടോർച്ച് അടിച്ച് പിടിച്ച് നോക്കുമ്പോൾ ടോർച്ച് പിടിച്ച് തരാനായി ഫോണിന്‍റെ ഒരറ്റം ഡ്രൈവറുടെ കയ്യിൽ കൊടുത്തു. നൂറ്റി ഇരുപത് രൂപ കൊടുത്തതും നൂറ്റി അറുപതാണ് എന്ന് പറഞ്ഞ് ഇയാള് എന്‍റെ ഫോണിലെ പിടി മുറുക്കി. വലിച്ചിട്ടും ഫോൺ തന്നില്ല. വളരെ ശക്തി ഉപയോഗിച്ച് വലിച്ചാണ് ഒടുവിൽ ഫോൺ തിരിച്ച് കയ്യിൽ കിട്ടിയത്. അപ്പോഴേക്ക് ഇയാൾ ശബ്ദം ഉയർത്തി സംസാരിക്കാൻ തുടങ്ങി.

"ഞാൻ അങ്ങോട്ട് കയറി വരും കേട്ടോ" എന്ന് എന്നോട് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയാണ്. ഇനി അല്ലെങ്കിൽ തന്നെ പറഞ്ഞ പൈസ കൊടുത്തതിന് വീട്ടിലേക്ക് കയറിവരും എന്നു പറഞ്ഞ് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്താൻ മറ്റൊരു വ്യക്തിക്ക് എന്ത് അധികാരം? ഈ ഭീഷണി കേട്ടതും ഞാൻ വണ്ടിയുടെ നമ്പർ പ്ലേറ്റിന്‍റെ ഫോട്ടോ എടുത്തു. ഉടനെ ഫോട്ടോ എടുക്കാൻ പാടില്ലെന്ന് പറഞ്ഞായി ബഹളം. ഞാൻ യാത്ര ചെയ്തു വന്ന വണ്ടിയുടെ - അതും ഇപ്പോൾ എന്‍റെ വീട്ടിലേക്ക് കയറിവരും എന്നു ഭീഷണിപ്പെടുത്തിയ ആളുടെ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യാൻ എനിക്ക് അവകാശമില്ലേ?

ഭയന്നാണ് ഞാൻ വീട്ടിലേക്ക് കയറിയത്. ഇയാൾ ഗേറ്റ് തുറന്ന് എനിക്ക് പുറകെ വന്നു. ദീർഘദൂര യാത്ര കഴിഞ്ഞ് വരികയായ എനിക്ക് താക്കോൽ ഇട്ട് വീട് തുറക്കാൻ പേടിയായി. നേരത്തെ ഫോൺ ബലമായി പിടിച്ച് വയ്ക്കാൻ ശ്രമിച്ച, അകത്തേയ്ക്ക് കയറി വരും എന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, വാതിൽ തള്ളിത്തുറന്ന് വരില്ലെന്ന് എന്ത് ഉറപ്പ്? ഞാൻ കൊടുത്ത 120 രൂപ ഇയാൾ തറയിൽ വലിച്ചെറിഞ്ഞു. ദീർഘ വീഡിയോയിൽ അത് കാണാം. ഭീഷണികൾ ഉച്ചത്തിലായി. ഭാഷ വഷളായി. "എന്താ നിന്‍റെ വിചാരം? പൈസ തരാതെ പോവാം എന്നാണോ? കോഴിക്കോട്ടെ ഒട്ടോക്കാരെ പറ്റി എന്തറിയാം? കോഴിക്കോട് ആയത് കൊണ്ടാണ് ഇത്രേം മര്യാദ" (ദൈവത്തിനു സ്തുതി!) എന്നെല്ലാമാണ് അലറുന്നത്.

ഇയാൾ എന്‍റെ വീട്ടുമുറ്റത്തുനിന്നും പോവാതെ എനിക്ക് അകത്ത് കയറി ഒന്ന് ബാത്ത്റൂമിൽ പോവാൻ പോലും പറ്റില്ല എന്നായപ്പോൾ ഞാൻ പൊലീസിനെ വിളിച്ചു. വീഡിയോ എടുക്കാൻ തുടങ്ങി. അതിനു ശേഷം മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കാൻ പോയ ഇയാൾ അതുവഴി വണ്ടി എടുത്ത് പോവുകയും ആ വഴിക്ക്, "നീ നാറ്റിക്കെടീ നായിൻറെ മോളെ അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ." എന്ന് പറയുകയും ചെയ്തു. ഇന്നു രാത്രി ഞാൻ എന്ത് ധൈര്യത്തിൽ കിടന്നുറങ്ങണം?

ദയവ് ചെയ്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ പ്രസിദ്ധമാണെന്നും പറയരുത്. പബ്ലിക് perception എന്തു തന്നെയായാലും ഇവിടുത്തെ യാഥാർത്ഥ്യം ഇതാണ്. ഇതു മാത്രമാണ്. പരക്കെ നിയമലംഘനം നടക്കുന്നിടത്ത് ചിലർ സൗമ്യരായി പെരുമാറുന്നുണ്ടെങ്കിൽ അത് നന്മയല്ല, യഥാർത്ഥ അവസ്ഥയ്ക്ക് ഒരപവാദം മാത്രമാണ്. നിരവധി തവണ മോട്ടോർ വാഹന വകുപ്പിന് ഇതിന് മൂലകാരണമായ അവസ്ഥയെ കുറിച്ച് ഞാൻ പരാതിപ്പെട്ടിട്ടുള്ളതാണ്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ഇരുട്ട് വീണാൽ ഉടനെ (പത്ത് മണിക്ക് ശേഷം അല്ല) കോഴിക്കോട് നഗരത്തിൽ മിക്ക ഓട്ടോക്കാരും മീറ്ററും ഇരട്ടിയും ആണ് വാങ്ങുന്നത്. ഇത് കോഴിക്കോട് മാത്രമുള്ള സ്ഥിതിവിശേഷമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുള്ള ആർക്കും പറയാനാവും ഇതാണ് norm എന്ന്. പത്ത് മണിക്ക് ശേഷം മീറ്ററും പകുതിയും എന്നാണ് നിയമം എന്നിരിക്കെ ഇത് സാധാരണമാണ് എന്ന നിലയിൽ യാതൊരു സങ്കോചവുമില്ലാതെ പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു എന്നു മനസ്സിലാവുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി നിയമമാണ് എന്ന മട്ടിലാണ് ചോദ്യം ചെയ്താൽ ഓട്ടോക്കാർ സംസാരിക്കുന്നത്. പിന്നെ ഒച്ച എടുക്കലായി, തെറിവിളിയായി, ഭീഷണിയായി.

അപൂർവ്വമായി മാത്രം ഓട്ടോ പിടിക്കുന്ന എനിക്കു പോലും പത്തോളം അനുഭവങ്ങൾ ഇത്തരത്തിൽ പറയാൻ ഉണ്ടാവും. ഇതിനു മുമ്പ് ഉണ്ടായ അനുഭവത്തിൽ ഡ്രൈവർ എന്നോട് പറഞ്ഞത്, ഓട്ടോ കണ്ടുപിടിച്ചതു മുതൽ രാത്രി മീറ്ററിൻ്റെ ഇരട്ടിയാണ് കൂലി എന്നാണ്. പോലീസ് പരാതികൾ രണ്ട് പ്രാവശ്യമെങ്കിലും കൊടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന് അയച്ച പരാതിയിന്മേൽ നടപടി ഇല്ലാതെ ഇരുന്നപ്പോഴാണ് ഇത്.

എല്ലാ തവണയും പോലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ എനിക്കു ഊർജ്ജമില്ല. പരാതി കൊടുത്താൽ ഒത്തുതീർപ്പ് ആക്കണോ കേസ് ആക്കണോ എന്ന ചോദ്യം വരും. ഇയാള് ചെയ്തിരിക്കുന്നത് ഒരു ക്രിമിനൽ ഒഫൻസ് ആണ്. ഒരു തരത്തിൽ നോക്കിയാൽ, കേസ് ആക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട് എന്നാണ് എൻ്റെയും അഭിപ്രായം. പക്ഷേ വയ്യ. ഒന്നൊന്നര വർഷം കഴിയുമ്പോൾ കോടതിയിൽ ചെന്ന് ഞാൻ മൊഴി കൊടുക്കണം. ഇതെല്ലാം പണ്ടും ചെയ്തിട്ടുള്ള വ്യക്തി എന്ന നിലയിൽ, അതിൻ്റെ മാനസിക സമ്മർദം കൈകാര്യം ചെയ്യാൻ പറ്റുന്ന അവസ്ഥ തത്കാലം എനിക്കില്ല എന്ന ബോധ്യമുണ്ട്.

മീറ്റർ ഇട്ട് ഓട്ടോ ഓടിക്കാനുള്ള കർശന നിർദേശം ഓട്ടോകൾക്ക് ഉണ്ടാവണം. പത്ത് മണി കഴിഞ്ഞാൽ മീറ്ററും പകുതിയുമാണ് കൂലി. മീറ്ററും ഇരട്ടിയുമല്ല. അതാണ് നിയമം. ഒന്നുകിൽ ഇത് കർശനമായി നടപ്പിലാക്കണം. അല്ലെങ്കിൽ കടലാസിൽ നിയമം മാറ്റണം. അന്യായ കൂലി വാങ്ങിയാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള 24 hour helpline number MVD യ്ക്കു വേണം. നിലവിലുള്ളത് പ്രവർത്തനരഹിതമാണ്. വിളിച്ചാൽ ആരും എടുക്കാറില്ല മെയിൽ അയച്ചാൽ മറുപടിയുമില്ല. മിനുട്ടുകൾക്കുള്ളിൽ സ്ക്വാഡ് എത്തുകയും നടപടി ഉണ്ടാവുകയും ചെയ്യുന്ന സംവിധാനം നിലവിൽ വരുത്തണം.

ഞാൻ ആലോചിച്ചു പോവുകയാണ്, തന്നോളം പൊക്കവും ആരോഗ്യവുമുള്ള ഒരു പുരുഷനായിരുന്നു വണ്ടിയിലെങ്കിൽ ഇയാൾ ഇത്തരത്തിൽ പെരുമാറുമായിരുന്നോ? ഞാൻ ഒരു സ്ത്രീ ആയതുകൊണ്ടും വീട്ടിൽ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടും തന്നെയാണ് ഈ പ്രവൃത്തി എന്നത് വ്യക്തമാണ്. പറ്റുകയാണെങ്കിൽ, ഇയാൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം.
നന്ദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverKozhikode NewsLatest News
News Summary - Please don’t talk about the goodness of auto drivers in Kozhikode’; Young director shares her bad experience
Next Story