ആദിവാസിയെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട തോട്ടം ഉടമ അറസ്റ്റിൽ; മറ്റൊരു പ്രതിയായ പ്രഭുവിനായി തിരച്ചിൽ ഊർജിതം
text_fields1. അറസ്റ്റിലായ രംഗനായകി 2. പൊലീസ് കണ്ടെത്തിയ ഹോംസ്റ്റേ തൊഴിലാളി തിരുനാവുക്കരശ്
മുതലമട: ആദിവാസി മധ്യവയസ്കനെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട തോട്ടം ഉടമയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മുതലമട ഊർകുളംകാട് പഴനിച്ചാമിയുടെ ഭാര്യ രംഗനായകിയെയാണ് (62) ഊർക്കുളംകാട്ടിലെ ഹോംസ്റ്റേയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മൂച്ചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയനെയാണ് (54) ഊർകുളം കാട്ടിൽ സ്വകാര്യ ഫാം സ്റ്റേയിലെ മുറിയിൽ ആറ് ദിവസം ഹോം സ്റ്റേ ഉടമകളായ രംഗനായകിയും മകൻ പ്രഭുവും പട്ടിണിക്കിട്ട് പൂട്ടിയിട്ട് പീഡിപ്പിച്ചത്. മുറിയിൽ പൂട്ടിയിട്ട വിവരം പുറത്ത് എത്തിച്ചതിനെ തുടർന്ന് കാണാതായ ഹോം സ്റ്റേ തൊഴിലാളി തമിഴ്നാട് നെൽവേലി സ്വദേശി തിരുനാവുക്കരശിനെ (68) ഊർക്കുളം കാട്ടിൽനിന്ന് ശനിയാഴ്ച രാവിലെ പൊലീസ് കണ്ടെത്തി.
രംഗനായകിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുനാവുക്കരശിനെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു. പ്രതിയായ രംഗനായകിയുടെ മകൻ പ്രഭു (42)വിനായി കൊല്ലങ്കോട് പൊലീസ് തിരച്ചിൽ ഊർജതമാക്കി. ചിറ്റൂർ ഡിവൈ.എസ്.പി എ. കൃഷ്ണദാസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളിലൊരാൾ പിടിയിലായതോടെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന സമരം താൽക്കാലികമായി മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

