കൂരിയാട് കേടുപാടില്ലാത്ത ഭാഗത്തെ സർവീസ് റോഡ് തുറന്നുകൊടുക്കാൻ ആലോചന
text_fieldsമലപ്പുറം: കൂരിയാട് റോഡിടിഞ്ഞതിനെതുടർന്ന് ഉണ്ടായ ദേശീയപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ഒരുഭാഗത്തെ സർവീസ് റോഡ് തുറന്നുകൊടുക്കാൻ ആലോചന. കേടുപാടില്ലാത്ത ഭാഗത്തെ സർവീസ് റോഡാണ് വാഹനങ്ങൾക്ക് തുറന്നുകൊടുക്കുക.
ഇതിന് മുൻപ് തകർന്നുകിടക്കുന്ന പ്രധാന ഹൈവേയുടെ ഉയരംകുറച്ച് അപകട ഭീഷണി ഒഴിവാക്കും. കഴിഞ്ഞ ദിവസം സ്ഥലം പരിശോധിച്ച വിദഗ്ധ സംഘം സർവീസ് റോഡ് ഉപയോഗിക്കുന്നതിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കി സർവീസ് റോഡ് തുറന്നുകൊടുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഇതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ജനങ്ങൾ ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞ്, പ്രവൃത്തിക്ക് ആവശ്യമായ പാശ്ചാത്തല സൗകര്യം ഒരുക്കാൻ ദേശീയപാത അതോറിറ്റി ജില്ല ഭരണകൂടത്തോട് അഭ്യർഥിച്ചിട്ടുണ്ട്. നിലവിൽ, ദേശീയപാത വഴിയുള്ള ഗതാഗതം പൂർണ്ണമായും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇത് പലേടത്തും വലിയതോതിൽ ഗതാഗതകുരുക്ക് സൃഷ്ടിച്ചിട്ടുണ്ട്. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടാൽ ട്രാഫിക് പ്രശ്നങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കാമെന്നാണ് അധികൃതർ കരുതുന്നത്. റോഡ് തകർന്ന ഭാഗത്തേക്ക് ജനങ്ങളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ജില്ല കലക്ടർ വി.ആർ. വിനോദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

