സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന; 1800 രൂപയാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 വർധിപ്പിക്കാൻ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ക്ഷേമ പെൻഷൻ 200 രൂപ കൂട്ടാനുള്ള തീരുമാനം ധനവകുപ്പിന്റെ പരിഗണനയിലാണ്. തീരുമാനം പ്രാബല്യത്തിൽ വന്നാൽ പ്രതിമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക 1800 രൂപയായി വർധിക്കും. ഇതുസംബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. നിലവിൽ 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്.
ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലുള്ളത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
അതോടൊപ്പം, സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയുടെ ഒരു പങ്കും നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ സർക്കാർ ജീവനക്കാരുടെ 17 ശതമാനം ഡി.എ കുടിശ്ശികയാണ്. 2023ൽ പ്രഖ്യാപിക്കേണ്ടിയിരുന്ന നാലു ശതമാനം കുടിശ്ശികയാണ് അനുവദിക്കാൻ സാധ്യതയുള്ളത്. ജീവനക്കാരുടെ ശമ്പള പരിഷ്‍കരണത്തിന്റെ കുടിശ്ശികയിൽ രണ്ടു ഗഡുക്കൾ കൂടി നൽകാൻ ബാക്കിയുണ്ട്. അത് പി.എഫിൽ ലയിപ്പിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

