തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് എട്ട് രൂപയിൽനിന്ന് 10 രൂപയാക്കാൻ ആലോചന. ഇന്ധനവില വർധനയും ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയും പരിഗണിച്ചാണ് തീരുമാനം.ചൊവ്വാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. നിരക്കുവർധന ശിപാർശ സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ ചുമതലപ്പെടുത്തി.
മിനിമം ചാർജ് 12 ആക്കണമെന്നും വിദ്യാർഥികളുടെ നിരക്ക് ആറാക്കണമെന്നുമാണ് ബസുടമകളുെട ആവശ്യം. മിനിമം ചാർജ് 10 ആയി നിശ്ചയിക്കുമെന്നാണ് വിവരം. അതേസമയം വിദ്യാർഥികളുടെ ചാർജിൽ നേരിയ വർധന മതിയെന്നാണ് സർക്കാർ നിലപാട്. ബസുടമകൾ ഇത് അംഗീകരിക്കുന്നില്ല.നിരക്കുവർധന ആവശ്യപ്പെട്ട് പണിമുടക്ക് പ്രഖ്യാപിച്ച ബസുടമകളുമായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് വാക്കുനൽകിയതല്ലാതെ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബസുടമകൾ പറഞ്ഞു.
ചർച്ച പോസിറ്റിവായതിനാലും മന്ത്രിയുടെ വാക്കിൽ വിശ്വാസമുള്ളതു കൊണ്ടുമാണ് ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചതെന്നും ഉടമകൾ പറയുന്നു. മിനിമം നിരക്ക് വർധനക്കൊപ്പം കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കോവിഡ് കഴിയുംവരെ നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉടമകൾ ഉന്നയിക്കുന്നു. 2018 ൽ ഡീസലിന് 62 രൂപയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയതെന്നും എന്നാൽ, പിന്നീട് ഡീസൽ വിലയിൽ 41 രൂപ വർധനയുണ്ടായെന്നുമാണ് ബസുടമകളുടെ വാദം.