ലീഗിൽ നിന്ന് ഗുരൂവായൂർ സീറ്റ് വാങ്ങി കെ.മുരളീധരനെ മത്സരിപ്പിക്കാൻ ആലോചന; പകരം പട്ടാമ്പി, എതിർപ്പുമായി ലീഗ്
text_fieldsകെ.മുരളീധരൻ, തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്
ഗുരുവായൂർ: തദ്ദേശതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം കെടാതെ അസംബ്ലി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന യു.ഡി.എഫിൽ സീറ്റ് വിഭജനമടക്കമുള്ള ചർച്ചകൾ സജീവമായി. മുസ്‌ലിം ലീഗിന് വിജയസാധ്യതയില്ലാത്ത ഗുരുവായൂർ ഏറ്റെടുക്കാനാണ് കോൺഗ്രസിന്റെ പുതിയ നീക്കം.
പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി ലീഗിന് നൽകിയേക്കും. പതിവായി തോൽക്കുന്ന മണ്ഡലങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളുടെയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നീക്കമെന്നാണ് വിലയിരുത്തൽ. സീറ്റ് വെച്ചുമാറുന്ന ചർച്ചകൾ പുരോഗമിക്കെ തന്നെ കെ.മുരളീധരന്റെ പേരാണ് ഗുരുവായൂരിൽ ഉയർന്നുവരുന്നത്.
കെ.പി.സി.സിയോട് ഗുരുവായൂർ സീറ്റ് വേണമെന്ന് തൃശൂർ ഡി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ഗുരുവായൂരിൽ ജയിക്കാനാകുമെന്ന് തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.
എന്നാൽ, മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം ശക്തമായ വിയോജിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. മുരളീധരനോട് വ്യക്തിപരമായി വിയോജിപ്പില്ലെങ്കിലും ഗുരുവായൂരിൽ ലീഗ് തന്നെ മത്സരിക്കുമെന്ന് ലീഗ് ജില്ല നേതൃത്വവും പറഞ്ഞു. എങ്കിലും അടുത്ത തവണ അധികാരം പിടിക്കാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി പലനീക്കുപോക്കുകൾക്കും ഘടകക്ഷികൾ തയാറാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, ഗുരുവായൂർ മത്സരിക്കാനുള്ള സാധ്യത കെ.മുരളീധരൻ തള്ളിയിട്ടുണ്ട്. താൻ മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പിൽ നേതൃത്വം നൽകാനാണ് താൽപര്യമെന്നും മുരളീധരൻ പറഞ്ഞു. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രമാണെന്നും താൻ ഗുരുവായൂരപ്പന്റെ ഭകതനാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

