ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെ.എം. ചന്ദ്രശേഖർ വൈസ് ചെയർമാൻ
text_fieldsകെ.എം. ചന്ദ്രശേഖർ
തിരുവനന്തപുരം: മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിനെ വൈസ് ചെയർമാനായി നിയമിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ അധ്യക്ഷനായ ബോർഡിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ എന്നിവരാണ് മറ്റംഗങ്ങൾ. മന്ത്രിമാരല്ലാത്ത വിദഗ്ധ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.
കേരള കേഡറിൽനിന്നുള്ള 1970 ബാച്ച് ഉദ്യോഗസ്ഥനായ ചന്ദ്രശേഖർ 2011ലാണ് വിരമിച്ചത്. നിലവിലെ സർക്കാർ സംസ്ഥാനത്തിന്റെ ധനസ്ഥിതി പഠിച്ച് ധവളപത്രം തയാറാക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ആസൂത്രണ ബോർഡിനെ സർക്കാറിന്റെ ഒരു ‘തിങ്ക് ടാങ്കാക്കി’ മാറ്റണമെന്ന നിർദേശം ചന്ദ്രശേഖർ ധവളപത്രത്തിൽ നിർദേശിച്ചിരുന്നു. പിന്നാലെ യു.ഡി.എഫ് സർക്കാറിന്റെ ഒന്നാം ബജറ്റിലും ഇക്കാര്യം ഇടംപിടിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് കെ.എം ചന്ദ്രശേഖറിന്റെ നിയമനം പ്രസക്തമാകുന്നത്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് 2011 മുതൽ 2016 വരെ ആസൂത്രണ ബോർഡ് വൈസ് ചെയർമാനായിരുന്നു കെ.എം. ചന്ദ്രശേഖർ. മൻമോഹൻ സിങ് സർക്കാറിന്റെ കാബിനറ്റ് സെക്രട്ടറിയായി വിരമിച്ചയുടനെയായിരുന്നു ഇത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ റവന്യൂ സെക്രട്ടറിയായും സംസ്ഥാന ധനസെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സ്‌പൈസസ് ബോർഡ് സ്ഥാപക ചെയർമാനായും ട്രേഡ് പോളിസി വിഭാഗം ജോയന്റ് സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ ഇടതുസർക്കാർ കാലത്തും ധനവകുപ്പിന്റെ നയരൂപീകരണങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

