ആസൂത്രണബോർഡ് പരീക്ഷ ക്രമക്കേട്: ബോധപൂർവമായ അട്ടിമറി: ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷയിൽ 54 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവായി കണക്കാക്കാനാവില്ലെന്നും ബോധപൂർവമായ അട്ടിമറിശ്രമമാണെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണം സംഘം. ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഗുരുതര വിലയിരുത്തൽ. പരീക്ഷക്രമക്കേടിൽ പി.എസ്.സിയിലെ ഉന്നതർക്ക് അറിവുണ്ടെന്ന വസ്തുതയാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
പഴയ റാങ്ക്ലിസ്റ്റ് പ്രകാരം ഒന്നാംറാങ്ക് ലഭിച്ച അരുൺ ജെ. പ്രതാപ് 54 മാർക്കിന്റെ 10 ചോദ്യങ്ങൾക്ക് എഴുതിയ ഉത്തരങ്ങൾ അപൂർണമാണ്. ഈ ഉദ്യോഗാർഥിയെ സംരക്ഷിക്കാനാണ് മറ്റുള്ളവരുടെ ഉത്തരക്കടലാസുകളിലും പത്ത് ഉത്തരങ്ങളുടെ മൂല്യനിർണയം ഒഴിവാക്കിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പി.എസ്.സി ഹൈകോടതിയെ സമീപിച്ച കാര്യത്തിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ വിട്ടുപോയതാണെന്നും അത് ക്ലറിക്കൽ പിഴവാണെന്നും ആയിരുന്നു പി.എസ്.സിയുടെ വിശദീകരണം.
വിട്ടുപോയ ഉത്തരങ്ങൾ പുനർമൂല്യനിർണയം നടത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം അരുൺ ജെ. പ്രതാപ് അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേസിലെ പരാതിക്കാരനായ ശ്യാംകൃഷ്ണൻ ഒന്നാമതെത്തുകയും ചെയ്തു. അരുൺ ജെ. പ്രതാപിന്റെ നിയമനശിപാർശ റദ്ദാക്കാൻ പി.എസ്.സി നോട്ടീസ് നൽകിയിട്ടുണ്ട്. ശ്യാംകൃഷ്ണന് ഉടൻ നിയമന ശിപാർശ നൽകും. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം ചർച്ച ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

