ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പുതിയ ലിസ്റ്റിൽ പരാതിക്കാരൻ ഒന്നാമത്, നിയമനം നേടിയ ഒന്നാംറാങ്കുകാരൻ അഞ്ചാമത്
text_fieldsതിരുവനന്തപുരം: പി.എസ്.സിയുടെ വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതിയ റാങ്ക്ലിസ്റ്റിൽ പരാതിക്കാരന് ഒന്നാംറാങ്ക്. പുനഃമൂല്യനിർണയത്തിലാണ് ഇൻഡസ്ട്രി ആൻഡ് ഇൻഫാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിൽ പരാതിക്കാരനായ കെ. ശ്യാം കൃഷ്ണൻ ഒന്നാംറാങ്ക് നേടിയത്.
ആരോപണവിധേയനായ, പഴയ റാങ്ക്ലിസ്റ്റിലെ ഒന്നാംറാങ്കുകാരൻ അരുൺ ജെ. പ്രതാപ് അഞ്ചാം സ്ഥാനത്താണ്. ശ്യാംകൃഷ്ണന് എഴുത്തുപരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കുമാണ് ലഭിച്ചത്. അരുൺ ജെ. പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്ക് മാത്രം. അഭിമുഖത്തിൽ 18ഉം. പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന ശ്യാംകൃഷ്ണന്‍റെ ആരോപണം ശരിവെക്കുന്നതാണ് റാങ്ക്ലിസ്റ്റിലെ ഈ മാറ്റം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെഴ്സ്പെക്ടീവ് പ്ലാനിങ്, പ്ലാൻ കോഓഡിനേഷൻ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് വ്യാഴാഴ്ചയാണ് അഭിമുഖം നടന്നത്. തുടർന്ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലാണ് നിർണായക മാറ്റം.
മൂന്നു തസ്തികളിലേക്കും നടന്ന പൊതു പരീക്ഷയിൽ നേരത്തെ നടന്ന പരീക്ഷയിൽ 54 മാർക്കിന്‍റെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താൻ വിട്ടുപോയിരുന്നു. എന്നാൽ പി.എസ്.സി റാങ്ക്ലിസ്റ്റ് ഇടുകയും ഒന്നാംറാങ്കുകാരനായ അരുൺ ജെ. പ്രതാപിന് നിയമനം നൽകുകയും ചെയ്തു. ഒരു വർഷത്തിനുശേഷം ഉദ്യോഗാർഥിക്ക് മാർക്ക് ലിസ്റ്റ് കൈയിൽ കിട്ടിയപ്പോഴാണ് 54 ചോദ്യങ്ങളുടെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്. തുടർന്ന് ശ്യാം കൃഷ്ണൻ പരാതിയുമായി രംഗത്തുവരികയായിുന്നു.
അരുൺ ജെ. പ്രതാപിന് നിയമനം നൽകാൻ പി.എസ്.സി ക്രമക്കേട് കാണിച്ചെന്നാണ് പരാതി. പിന്നീട് പി.എസ്.സി പിഴവ് അംഗീകരിക്കുകയും വിട്ടുപോയ ചോദ്യങ്ങൾ പുനർമൂല്യനിർണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് അഭിമുഖം നടത്തി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ട്രൈബ്ര്യൂനലിലും കേസുണ്ട്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ അന്വേഷണവും നടക്കുകയാണ്. കേസിൽ മൊഴിയെടുക്കാൻ പി.എസ്.സി അംഗങ്ങളെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഭരണഘടന സ്ഥാപനമെന്ന പദവി ചൂണ്ടിക്കാട്ടി ഹാജരായിട്ടില്ല. ഈ കേസ് ഹൈകോടതിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

