കരുവന്നൂർ ബാങ്കിലേത് ആസൂത്രിത തട്ടിപ്പ്; കള്ള ഒപ്പിട്ട് സെക്രട്ടറി വായ്പ അനുവദിച്ചെന്ന് മുൻ ഭരണസമിതിയിലെ സി.പി.എം നോമിനി
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ആസൂത്രിത തട്ടിപ്പാണെന്ന് സി.പി.എം പ്രതിനിയായ മുൻ ഭരണസമിതിയംഗം മഹേഷ് കൊരമ്പിൽ. ബാങ്ക് പ്രസിഡന്‍റിന്‍റെ കള്ള ഒപ്പിട്ട് പോലും സെക്രട്ടറി വായ്പ അനുവദിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. കുടിശ്ശിഖ പിരിക്കാൻ പോയ ഭരണസമിതിയംഗത്തെ 50 ലക്ഷം വായ്പ എടുത്ത സജി വർഗീസ് പൂട്ടിയിട്ടിട്ടും സി.പി.എം മൗനം പാലിച്ചെന്നും മഹേഷ് മീഡിയവണിനോട് പറഞ്ഞു.
കരുവന്നൂർ ബാങ്കിലെ ഇടപാടിൽ സി.പി.എം ചതിച്ചെന്ന് സി.പി.ഐ പ്രതിനിധികളായ മുൻ ഭരണസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞിരുന്നു. സി.പി.എം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലളിതനും സുഗതനും ഉന്നയിച്ചത്.
അഞ്ച് ലക്ഷം വരെയുള്ള ചെറിയ വായ്പകകൾ മാത്രമാണ് തങ്ങളുടെ മുമ്പിൽ വന്നതെന്നും വലിയ വായ്പകൾ ഭരണസമിതി അറിയാതെയാണ് നൽകിയതെന്നും ഇരുവരും വ്യക്തമാക്കി. സി.പി.എം ജില്ല കമ്മിറ്റിയംഗമായ സി.കെ ചന്ദ്രനാണ് ബാങ്കിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി സമപിച്ചപ്പോൾ സി.പി.എം നേതാക്കൾ അവഗണിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാനം രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കളെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. ഇ.ഡി അന്വേഷണത്തിലൂടെ മുതിർന്ന നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഇവർ പറയുന്നു.