അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ‘ബി’, ‘സി’
text_fieldsതിരുവനന്തപുരം: കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യവകുപ്പ് കൈക്കൊണ്ടതായി മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച 18 കമ്മിറ്റികളില്‍ ഇന്ഫ്രാസ്ട്രെക്ച്ചര് കമ്മിറ്റിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയും ഇതിനുവേണ്ടി മാത്രം ഉണ്ടാക്കിയവയാണ്. പോസിറ്റീവ് കേസുകളുള്ളവര്‍ക്ക് പുറമേ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ ഐസൊലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിയത്. ഓരോ പ്ലാനിനും അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെൻറിലേറ്റര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്ലാന്‍ എ
ജനുവരി 30ന് ചൈനയിലെ വുഹാനില്‍നിന്നും വന്ന വിദ്യാർഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും രണ്ട് സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്ന് പേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.
പ്ലാന്‍ ബി
71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പാക്കി വരുന്നത്. പ്ലാന്‍ എയില്‍ ആയിരത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പ്ലാന്‍ സി
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് എട്ടിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി, സാമൂഹ്യ അകലം പാലിച്ച്, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐ.സി.യു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തും.
കൊറോണ കെയര്‍ സെൻറര്‍
വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന താമസ സൗകര്യം ഇല്ലാത്തവരെ പാര്‍പ്പിക്കാനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 147 കൊറോണ കെയര്‍ സെൻററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരിലൂടെ മറ്റാര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് സുരക്ഷിതമായി പാര്‍പ്പിക്കുന്നത്.
ഇപ്പോള്‍ കുറച്ച് പേര് മാത്രമാണ് ഈ കെയര്‍ സെൻററുകളിലുള്ളത്. എന്നാല്‍ കൊറോണ വൈറസിെൻറ സമൂഹ വ്യാപനമുണ്ടായാല്‍ ഐസൊലേഷന്‍ സൗകര്യത്തിനായാണ് പ്ലാന്‍ സിയുടെ ഭാഗമായി ഇത്രയേറെ കൊറോണ കെയര്‍ സെൻററുകള്‍ സജ്ജമാക്കിയത്. 21,866 പേരെ ഒരേസമയം ഈ കെയര്‍ സെൻററുകളില്‍ പാര്‍പ്പിക്കാനാകും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും ആശുപത്രികളും സഹായവുമായി വന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ കെയര്‍ സെൻററുകളാക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഇത്രയേറെ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ജനങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ ജാഗ്രത പാലിച്ചാല്‍ മാത്രമേ കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാനാകൂ. എല്ലാവരും സാമൂഹിക അകലം പാലിക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഒരു കാരണവശാലും വീടുവിട്ട് പുറത്തിറങ്ങുകയോ മറ്റുള്ളവരോട് ഇടപഴകുകയോ ചെയ്യരുത്. അത് മറ്റുള്ളവരിലേക്ക് രോഗം പകരുകയും സമൂഹത്തിലേക്ക് വളരെപ്പെട്ടന്ന് പടരുകയും ചെയ്യും. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
