Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ആർ. മീര വായനക്കാരെ...

കെ.ആർ. മീര വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു; ‘കലാച്ചി’-‘സിൻ’ വിവാദത്തിൽ മറുപടിയുമായി ഹരിത സാവിത്രി

text_fields
bookmark_border
കെ.ആർ. മീര വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു; ‘കലാച്ചി’-‘സിൻ’ വിവാദത്തിൽ മറുപടിയുമായി ഹരിത സാവിത്രി
cancel

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയുടെ പുതിയ നോവലായ ‘കലാച്ചി’ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങൾക്കെതിരെ വീണ്ടും വിവാദങ്ങൾ പുകയുന്നു. കെ.ആർ. മീര ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ, ‘സിൻ’ എന്ന നോവലിന്റെ രചയിതാവ് ഹരിത സാവിത്രി വിശദീകരണവുമായി രംഗത്തെത്തി.

2020 നവംബർ മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ‘കലാച്ചി’യുടെ ആദ്യ ആറ് അധ്യായങ്ങൾ മാത്രമാണെന്ന് ഹരിത ചൂണ്ടിക്കാട്ടുന്നു. ഈ വസ്തുത മറച്ചുവെച്ച്, നോവൽ 2020 മുതൽ പൂർണമായി പ്രസിദ്ധീകരിച്ചതാണെന്ന രീതിയിൽ കെ.ആർ. മീര വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.പുസ്തകം പൂർണമായി വായിച്ചപ്പോഴാണ് ‘സിൻ’ എന്ന തന്റെ നോവലുമായി അടിസ്ഥാനപരമായ സാമ്യങ്ങൾ തോന്നിയത്. വായന തുടങ്ങിയപ്പോൾ തന്നെ ഈ സാമ്യം തനിക്ക് വ്യക്തമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.

കെ.ആർ. മീരയോടുള്ള തന്റെ പഴയ ആരാധനയെക്കുറിച്ച് വ്യക്തമാക്കിയ ഹരിത, ‘കലാച്ചി’ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്തത് അതുകൊണ്ടാണെന്ന് പറയുന്നു. എന്നാൽ, പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അനുഭവപ്പെട്ട നിരാശ, മീരയുടെ ഭർത്താവിനോട് അന്നേ വ്യക്തമായി പങ്കുവെച്ചിട്ടുണ്ടെന്നും അതിനുശേഷം താൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാദങ്ങളിൽ തനിക്ക് പങ്കില്ല. ബിജി ഡാനിയൽ, രാധിക സി നായർ തുടങ്ങിയവർ ഉയർത്തിയ ആരോപണങ്ങളെ താൻ നേരത്തെ തന്നെ അവഗണിക്കാൻ തീരുമാനിച്ചതാണ്. ഈ വിഷയത്തെ ഇത്രത്തോളം വഷളാക്കിയത് രാധിക സി നായരാണെന്നും, അവരാണ് ഈ ‘നാടകത്തിന്റെ സംവിധായിക’യെന്നും ഹരിത രൂക്ഷമായി വിമർശിച്ചു.

‘കലാച്ചി’ 2020 മുതൽ പ്രസിദ്ധീകരിച്ചുവന്ന നോവലാണെന്നും, സത്യസന്ധതയില്ലാത്ത ആരോപണങ്ങൾ തന്നെ ബാധിക്കാറില്ലെന്നും കെ.ആർ. മീര ഫേസ്ബുക്ക് കുറിപ്പിലൂടെ കഴിഞ്ഞ ദിവരസം വ്യക്തമാക്കിയിരുന്നു. 2022ൽ പുറത്തിറങ്ങിയ ‘സിൻ’ തന്റെ ആശയങ്ങൾ ഉൾക്കൊണ്ടതാണെന്നായിരുന്നു മീരയുടെ ആരോപണം. ഹരിത സാവിത്രി ഇപ്പോൾ നൽകിയ മറുപടിയിലൂടെ ഈ വിവാദം കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

പോസ്റ്റിന്റെ പുർണ രൂപം

1.

"2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചു വന്ന ഒരു നോവൽ, 2022 ൽ മാത്രം പുറത്തിറങ്ങിയ കഥയിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022 ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽ നിന്ന് ആശയം ഉൾക്കൊണ്ടതാണോ എന്ന് നിങ്ങൾ ചിന്തിക്കുക."

ഇത് ഇന്ന് കണ്ട വാചകമാണ്. അതായത് 2022 ൽ പുറത്തു വന്ന എന്റെ പുസ്തകം 2020 ൽ പുറത്ത് വന്ന പുസ്തകത്തിലെ ആശയം ഉപയോഗിച്ചു എന്നർത്ഥം.

2020 ൽ പ്രസിദ്ധീകരിച്ചത് ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമാണ് എന്ന സത്യം മറച്ചു വയ്ക്കുന്നതിലൂടെ, വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ എന്താണ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്?

2.

വായന കുറച്ചേ ആയിട്ടുള്ളൂ എന്ന് പുസ്തകം വായിക്കുന്ന ചിത്രവുമായി ഇട്ട പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫിദയുടെ യാത്ര ആരംഭിച്ചപ്പോഴാണ് സാമ്യം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് ഞാൻ പല തവണ പറഞ്ഞ് കഴിഞ്ഞു. അതായത് വായന കുറച്ചു മുന്നോട്ട് പോയപ്പോൾ.

അതും ബേസിക് ത്രെഡിൽ മാത്രം.

3.

ഈ എഴുത്തുകാരിയെ എന്നെങ്കിലും കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കണം എന്നും വിരലുകളിൽ ഉമ്മ വയ്ക്കണം എന്നൊക്കെ പണ്ട് കഥകൾ വായിച്ച കാലം മുതൽ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പുതിയ നോവൽ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്ത് ഇട്ടതും അത് കൊണ്ടു തന്നെയാണ്.

പക്ഷെ വായിച്ചപ്പോൾ ആവേശം തണുത്തു. എന്താണ് അനുഭവപ്പെട്ടത് എന്ന് എഴുത്തുകാരിയുടെ ഭർത്താവിനോട് ജനുവരി എട്ടാം തീയതി ഒരു മറയും ഇല്ലാതെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് മറന്നു കാണാൻ സാധ്യതയില്ല.

പുസ്തകം കയ്യിൽ കിട്ടിയപ്പോൾ തന്നെ സന്തോഷത്തോടെ ഫോട്ടോ പോസ്റ്റ്‌ ചെയ്ത ഞാൻ എന്തുകൊണ്ട് വായിച്ചതിന് ശേഷം ഒരു പോസ്റ്റ്‌ പോലും ഇട്ടില്ല എന്ന് അദ്ദേഹത്തിന് എങ്കിലും എന്റെ ആ പ്രതികരണത്തിലൂടെ മനസ്സിലായിക്കാണും.

എന്തായിരുന്നു ആ പ്രതികരണം എന്ന് ഞാൻ ഇവിടെ പറയുന്നില്ല.

അത് കേട്ടതിനു ശേഷം ഒന്നുകൂടി ആ നോവൽ വായിച്ചു നോക്കണം എന്ന് അദ്ദേഹമാണ് എന്നോട് പറഞ്ഞത്. വായിക്കാം എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു.

ശ്രീമതി മീരയുടെ നമ്പർ എന്റെ കയ്യിലില്ല. ഞാൻ സംസാരിച്ചിരുന്നത് അവരുടെ ഭർത്താവിനോടാണ്. വീണ്ടും വായിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ വായിക്കാം എന്ന് ഞാൻ മറുപടി പറഞ്ഞത് ഒരു ഫോൺ സംഭാഷണത്തിലായിരുന്നു എന്നാണ് ഓർക്കുന്നത്. കയ്യിലുള്ള വോയ്സ് മെസ്സേജുകൾ പരതിയപ്പോൾ വീണ്ടും വായിക്കാം എന്ന് ഞാൻ പറയുന്ന ഒന്ന് ശ്രദ്ധയിൽ പെട്ടില്ല.

4.

ത്രെഡുകളിലെ സാമ്യം എന്റെ തോന്നലാണ് എന്ന് കരുതി അവഗണിക്കാനാണ് തീരുമാനിച്ചത്. അതുകൊണ്ട് തന്നെ വായനയ്ക്കു ശേഷം 'ക' ഫെസ്റ്റിവലിൽ കണ്ടപ്പോൾ വളരെ സൗഹൃദത്തോടെ പെരുമാറുകയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാതിരിക്കാനായിരുന്നു ശ്രമം.

പക്ഷെ പിന്നീട് നിരവധി വായനക്കാർ അവർക്ക് ഈ പുസ്തകങ്ങൾ തമ്മിൽ അനുഭവപ്പെട്ട സാമ്യങ്ങളെ പറ്റി എന്നോട് നിരന്തരം സംസാരിക്കാൻ തുടങ്ങി.

മനസ്സിൽ അനുഭവപ്പെട്ട അസ്വസ്ഥത വളർന്നു വരികയായിരുന്നു.

ആരുടേയും പേരോ പുസ്തകങ്ങളുടെ പേരോ പറയാതെ സാഹിത്യ മോഷണങ്ങളുടെ പൊതു സ്വഭാവങ്ങളെ കുറിച്ചു പറഞ്ഞ് കൊണ്ടുള്ള ഒരു ഫേസ്ബുക് പോസ്റ്റ്‌ ഇടുന്നതിലൂടെ എനിക്ക് അനുഭവപ്പെട്ട വേദനയിൽ നിന്ന് പുറത്ത് കടക്കുകയായിരുന്നു ലക്ഷ്യം. എന്നെ സംബന്ധിച്ച് അത് അവസാനിച്ചിരുന്നു.

ആ പോസ്റ്റിനു താഴെ വായനക്കാർ ഈ നോവലുകൾ തമ്മിലുള്ള സാമ്യത്തെ കുറിച്ച് സംസാരിച്ചിട്ട് പോലും ഞാൻ വ്യക്തമായ മറുപടി നൽകിയില്ല.

5. കുറച്ചു ദിവസങ്ങൾക്കു ശേഷം ബിജി ഡാനിയൽ എന്ന പ്രൊഫൈൽ രണ്ടു പുസ്തകങ്ങളുടെയും ത്രെഡിൽ ഉള്ള സാമ്യങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്റെ ശ്രദ്ധയിൽ പെട്ടു എങ്കിലും ചില സുഹൃത്തുക്കളോട് സംസാരിക്കുന്നതിനപ്പുറം അതു ഷെയർ ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക് ചെയ്യാനോ ഞാൻ ശ്രമിച്ചില്ല. വായനക്കാരന്റെ സ്വാതന്ത്ര്യം. അതിൽ ഞാനെന്ത് പറയാനാണ്?

6. ബിജി ഡാനിയലിന്റെ പോസ്റ്റിനു ശേഷം രാധിക സി നായർ എന്ന പ്രൊഫൈൽ വിഷയം ഏറ്റെടുത്തപ്പോഴാണ് കാര്യങ്ങൾ വഷളായത്. അവരുടെ ആദ്യത്തെ പോസ്റ്റിലെ പുൽക്കൊടി നക്ഷത്ര താരതമ്യത്തിന് ശേഷം രണ്ടാമത്തെ പോസ്റ്റിൽ കലാച്ചി 2020 നവംബറിൽ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ്, സിൻ ഇറങ്ങിയത് 2022 ൽ ആണ് എന്ന് രാധിക സി നായർ വാദിച്ചു.

ശ്രദ്ധിക്കേണ്ടത് ആ പോസ്റ്റിലും ട്രൂ കോപ്പിയിൽ ആദ്യത്തെ ആറു അധ്യായങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്ന് പറഞ്ഞിട്ടില്ല എന്നതാണ്.

അതോടെ 2020ൽ ഇറങ്ങിയ നോവൽ ഞാൻ മോഷ്ടിച്ചു 2022 ൽ സിൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ ആക്രമണം തുടങ്ങി. എനിക്ക് കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥ ഉണ്ടായി. അങ്ങനെ വിശദീകരണവുമായി ഒരു പോസ്റ്റ്‌ കൂടി ഇടേണ്ടി വന്നു. അതിലും പുസ്തകങ്ങൾ തമ്മിൽ അടിസ്ഥാനപരമായി സാമ്യമുണ്ട്. അത് ഒഴിവാക്കാമായിരുന്നു എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് എന്ന് വ്യക്തമാക്കിയിരുന്നു.

2022 ൽ ഒരെഴുത്തുകാരി പ്രസിദ്ധീകരിക്കുന്ന അവരുടെ ആദ്യ പുസ്തകത്തിൽ നിന്ന് പ്രചോദനം കൊള്ളേണ്ട കാര്യം ഇല്ല എന്ന് പോസ്റ്റിൽ കണ്ടു. നക്ഷത്ര പുൽക്കൊടി താരതമ്യത്തിന്റെ മറ്റൊരു വേർഷൻ.

എഴുത്തുകാർ സമാനമായി ചിന്തിക്കുന്നത് പുതിയ കാര്യമല്ല.

പക്ഷെ, സിൻ ഇറങ്ങിയപ്പോൾ തന്നെ അവരത് വായിച്ചു എന്ന് എനിക്കറിയാം. അതിൽ എന്താണ് ഉള്ളത് എന്ന് അറിയാവുന്ന സ്ഥിതിയ്ക്ക് കടന്നു കൂടിയ അടിസ്ഥാനപരമായ സാമ്യങ്ങൾ ഒഴിവാക്കാമായിരുന്നു, അതിലൂടെ ഇത്തരം വിവാദങ്ങളും എന്നാണ് എന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

അധികമാരും ശ്രദ്ധിക്കാതിരുന്ന ബിജി ഡാനിയൽ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റ്‌ ഞാൻ ഏറ്റെടുക്കാതിരുന്നിടത്തോളം ചില ഫേസ്ബുക് ചർച്ചകൾക്കപ്പുറം ആ വിഷയം മുന്നോട്ട് പോവില്ലായിരുന്നു.

അത് കുത്തിപ്പൊക്കി, അതിനെക്കുറിച്ച് വീണ്ടും വീണ്ടും പോസ്റ്റുകൾ ഇട്ട്, എന്നെ ഇകഴ്ത്തി, എന്നെക്കൊണ്ട് മറുപടി പറയിച്ച രാധികാ സി നായരാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ നാടകത്തിന്റെ സംവിധായിക.

അവരെയും സിനിനെ രാഹുൽ മാങ്കൂട്ടത്തിനോട് പോലും ഉപമിച്ച് നാട് നീളെ ആക്ഷേപിച്ചു നടക്കുന്ന അവരുടെ ഭർത്താവ് നിരൂപകനെയും അഭിനന്ദിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr meeraPlagiarismControversy
News Summary - Plagiarism Row Over KR Meera’s ‘Kalachi’ Intensifies as Haritha Savithri Hits Back
Next Story