ചേക്കു പോരാടി; മനുഷ്യനും പ്രകൃതിക്കുമായി
text_fieldsചാലിയാറിനു കുറുകെ എളമരം കടവിൽ നിർമിച്ച പാലത്തിലൂടെ ഈയിടെ കടന്നു പോയപ്പോൾ പി.കെ.എം. ചേക്കുവിനെ ഓർമ വന്നു. തെളിനീരായി ഒഴുകുന്ന പുഴയും അതിൽ മീൻ പിടിക്കുന്നവരുമാണ് ചേക്കുവിനെ ഓർമിപ്പിച്ചത്. മാവൂരിലെ പുതിയ തലമുറ ചേക്കുവിനെ ഓർക്കുന്നുണ്ടോ എന്നറിയില്ല.
ഞാൻകോഴിക്കോട് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന തൊണ്ണൂറുകളുടെ മധ്യത്തിൽ അവിടെ സ്ഥിരംസന്ദർശകനായിരുന്നു ചേക്കു. മാവൂർ ഗ്രാസിമിനെതിരായ മനുഷ്യ പക്ഷത്തുനിന്നുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അന്നു ചേക്കു. മാവൂർ ഗ്രാസിം അക്കാലത്തു മലബാറിലെയെന്നല്ല, കേരളത്തിലെതന്നെ വലിയ വ്യവസായ സംരംഭങ്ങളിലൊന്നായിരുന്നു.
സർക്കാർ, പൊലീസ് , രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂനിയനുകൾ..എല്ലാം ഗ്രാസിമിന്റെ ഭാഗത്തും കമ്പനിയുടെ മലിനീകരണത്തിന്റെ ഇരകളായ പാവപ്പെട്ട മനുഷ്യർ മറുഭാഗത്തുമായി നടന്ന സമരം വിജയിപ്പിച്ചെടുത്തതിൽ പി.കെ.എം. ചേക്കുവിന്റെ പങ്ക് സ്വർണലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. മാധ്യമങ്ങൾ ആദ്യം തിരിഞ്ഞു നോക്കാതിരുന്ന ഈ സമരത്തിലേക്ക് ജനശ്രദ്ധ തിരിച്ചുവിട്ടത് ‘മാധ്യമ’മാണ് എന്നതും രേഖപ്പെടുത്തേണ്ടതാണ്..
പൗലോ കൊയ്ലോയുടെ ഒരു പ്രസിദ്ധമായ വാചകമുണ്ടല്ലോ...നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അതു നേടിത്തരാൻ ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും എന്ന്. ചേക്കുവും അദ്ദേഹത്തിന്റെ ചാലിയാർ ജല- വായു മലിനീകരണ വിരുദ്ധസമിതിയിലെ സഹപ്രവർത്തകരും അങ്ങനെ തീവ്രമായ ഒരാഗ്രഹം മനസ്സിൽ കൊണ്ടുനടന്നവരാണ്. അതു ചാലിയാറിന്റെ കരയിൽ ജീവിക്കുന്ന മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതായിരുന്നു.
അതു നേടിക്കൊടുക്കാൻ പ്രപഞ്ചം വരെ അവർക്കനുകൂലമായി ഗൂഢാലോചന നടത്തുന്ന സാഹചര്യമുണ്ടായി. മാവൂരിലെയും പരിസര പഞ്ചായത്തുകളിലെയും നൂറു കണക്കിനാളുകളുടെ ജീവസന്ധാരണ മാർഗമായ ഗ്രാസിം കമ്പനി അടച്ചുപൂട്ടുക എന്ന ആവശ്യവുമായല്ല ചേക്കുവും കൂട്ടരും ആദ്യം സമരത്തിനിറങ്ങിയത്. ഗ്രാസിമിന്റെ മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ആദ്യം ഉയർത്തിയത്.
മലിനീകരണം കുറക്കുന്ന നടപടികളിലേക്ക് കടന്നാൽ ലാഭം കുറയുമെന്നതുകൊണ്ടു കമ്പനി അതിനു തയാറായില്ല. ഒടുവിൽ മറ്റു മാർഗങ്ങളൊന്നും ഇല്ലാതെ വന്നപ്പോഴാണ് കമ്പനി അടച്ചുപൂട്ടുക എന്ന ഡിമാൻഡ് ഉയർത്തിയത്. അതവർ നേടിയെടുക്കുമ്പോഴേക്കും ചാലിയാറിന്റെ കരകളിലെ നൂറുകണക്കിനാളുകൾ കാൻസറിനും മറ്റു മഹാരോഗങ്ങൾക്കും കീഴടങ്ങിക്കഴിഞ്ഞിരുന്നു.
കമ്പനിയിൽ ഒരു ജോലി വാങ്ങി സസുഖം ജീവിച്ചുകൂടെ എന്നു ഗ്രാസിം കമ്പനിയുടെ ഉത്തരവാദപ്പെട്ടവരും ട്രേഡ് യൂനിയൻ നേതാക്കളും ചേക്കുവിനോട് പലതവണ ചോദിച്ചിട്ടുണ്ട്. പ്രലോഭനങ്ങൾ നടപ്പിലാകാതെ വന്നപ്പോൾ ഭീഷണി, പൊലീസ് കേസുകൾ, അറസ്റ്റ്, ജയിൽവാസം എന്നിങ്ങനെ തളർത്താനും പിന്തിരിപ്പിക്കാനും നിരവധി മാർഗങ്ങൾ അവർ തേടി. ഒന്നിനും തോൽപിക്കാൻ കഴിഞ്ഞില്ല ചേക്കുവിനെ.
പ്രശ്നങ്ങൾ കുത്തിപ്പൊക്കി ഫാക്ടറി അടപ്പിക്കരുതെന്നു സൗഹൃദത്തിലും ഭീഷണി സ്വരത്തിലും ഉത്തരവാദപ്പെട്ട കുറേപ്പേർ ചേക്കുവിനോട് പലകാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിനൊന്നും ചെവികൊടുക്കാതെ മുന്നോട്ടു പോയപ്പോൾ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ചേക്കുവിന് കഴിഞ്ഞില്ല.
ഒരു മനുഷ്യായുസ്സ് പൂർത്തിയാക്കി കടന്നുപോകുമ്പോൾ വിലപ്പെട്ട ഈ ജീവിതത്തിൽ എന്തു ചെയ്തു എന്ന ചോദ്യം പലരും തന്നോടു തന്നെ ചോദിക്കാറുണ്ട്. പി.കെ.എം. ചേക്കുവിന് അതിനുത്തരമുണ്ട്. ചാലിയാറിന്റെ കരയിൽ ജീവിക്കുന്ന മനുഷ്യർ ഈ പേര് മറന്നു പോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

