പി.കെ.എം. ചേക്കു വിടവാങ്ങി; വ്യവസായ ഭീമനെ വിറപ്പിച്ച പോരാളി
text_fieldsമാവൂർ: സകലവിധ സംവിധാനങ്ങളും ഭരണകൂടങ്ങളും രാഷ്ട്രീയ പാർട്ടികളും തൊഴിലാളികളും കുത്തക മുതലാളിക്കും വ്യവസായ ഭീമനുംവേണ്ടി നിലകൊണ്ടപ്പോൾ, യാഥാർഥ്യങ്ങൾ വിളിച്ചുപറഞ്ഞും സമരം നയിച്ചും നിയമവഴി തേടിയും ഒറ്റക്കുനിന്ന് പൊരുതിയ പോരാളിയായിരുന്നു വ്യാഴാഴ്ച വിട പറഞ്ഞ ചാലിയാർ സമരനായകൻ പി.കെ.എം. ചേക്കു.
മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി സകല നിയമങ്ങളും കാറ്റിൽ പറത്തി ചാലിയാറിലേക്ക് വിഷം ഒഴുക്കുകയും മണ്ണും വിണ്ണും വായുവും മലിനമാക്കുകയും ചെയ്തപ്പോൾ 1974 ൽ തന്റെ 17ാം വയസ്സിൽ പോരാട്ടത്തിന് ഇറങ്ങിയതാണ് ഇദ്ദേഹം. അന്നു തുടങ്ങിയ പോരാട്ടം രണ്ടര പതിറ്റാണ്ടോളം നീണ്ടു. പ്രലോഭനങ്ങളിലും ഭീഷണികളിലും വീണ് കൂടെയുള്ളവരിൽ പലരും സമരത്തിൽനിന്ന് പിൻവാങ്ങിയപ്പോഴും ചേക്കു പോരാട്ടത്തിൽ ഉറച്ചുനിന്നു.
പലവിധ അപവാദ പ്രചാരണങ്ങൾ നടത്തി മാനസികമായി തളർത്താനും ശ്രമം ഉണ്ടായി. മുസ്ലിംലീഗ് നേതാവും ദീർഘകാലം വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറുമായ കെ.എ. റഹ്മാന്റെ നേതൃത്വത്തിൽ ചാലിയാർ മലിനീകരണത്തിനെതിരെ ആരംഭിച്ച സമരത്തിൽ ചേക്കു പങ്കാളിയായി. ഫാക്ടറിയിൽനിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഒഴുക്കുന്നതു സംബന്ധിച്ചുണ്ടാക്കിയ കരാർ വർഷങ്ങൾ പിന്നിട്ടിട്ടും പൂർണമായി നടപ്പാക്കാത്തതിനെതുടർന്ന് ചേക്കു പോരാട്ടം ശക്തമാക്കി.
ഫാക്ടറി മാനേജ്മെന്റിൽനിന്ന് മാത്രമല്ല തൊഴിലാളികളിൽനിന്നും ട്രേഡ് യൂനിയനുകളിൽനിന്നും ഭീഷണിയും പീഡനവും തുടർക്കഥയായി. പലതവണ കേസുകളിൽ പ്രതിയാകുകയും ജയിലിൽ കിടക്കുകയും ചെയ്തു. റയോൺസ് ഫാക്ടറിയുടെ മലിനീകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തുടക്കത്തിൽ സമരം. സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കെ.എ. റഹ്മാൻ അടക്കം അർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ബിർള മാനേജ്മെന്റ് മലിനീകരണം തുടരുകയും ചെയ്തതോടെ ഫാക്ടറി അടച്ചുപൂട്ടുക എന്ന മുദ്രാവാക്യം മുഴക്കാൻ ചേക്കു അടക്കമുള്ളവർ നിർബന്ധിതരായി.
രാജ്യമെങ്ങുമുള്ള പരിസ്ഥിതി പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. മേധാ പട്കറും അരുന്ധതി റോയി അടക്കമുള്ള നിരവധി പ്രമുഖർ സമരത്തിന് അഭിവാദ്യവുമായി മാവൂരിലെത്തിയത് പി.കെ.എം. ചേക്കു എന്ന പരിസ്ഥിതി പ്രവർത്തകന്റെ ശ്രമം കൊണ്ടു മാത്രമാണ്. ശക്തമായ നിയമപോരാട്ടവും അദ്ദേഹം നടത്തി. സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന വൈവിധ്യമാർന്ന സമരങ്ങളിൽ ജനകീയ പങ്കാളിത്തം ശക്തമായതോടെ അധികൃതർക്ക് നടപടികൾ എടുക്കേണ്ടി വന്നു.
തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി ഫാക്ടറി പൂർണമായി അടച്ചുപൂട്ടുന്നതിലേക്കാണ് സമരം എത്തിയത്. ചാലിയാർ മലിനീകരണത്തിനെതിരെയുള്ള സമരത്തിനുപുറമെ, ചാലിയാറും പൊതുസ്ഥലങ്ങളും റോഡും കൈ കൈയേറുന്നതിനെതിരെയും സമരങ്ങൾ നടത്തി.
മാവൂർ കായലം പള്ളിയാറൻകുന്നത്ത് അബൂബക്കറിന്റെയും ഫാത്തിമയുടെയും മൂത്തമകനായാണ് ജനനം. കായലം എ.എൽ.പി സ്കൂളിലും പെരുവയൽ യു.പി സ്കൂളിലുമായി ആറാംക്ലാസ് വരെമാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. 15ാം വയസ്സുമുതൽ കോഴിക്കോട്ടെ ബിസിനസുകാരനായ ബാവ ഹാജിയുടെ കൂടെയായിരുന്നു.1985ൽ ബാവ ഹാജി മരിച്ചതോടെ ചേക്കു കുറച്ചുകാലം കടലമിഠായി കച്ചവടവും മറ്റുമായി കോഴിക്കോട്ടുതന്നെ കൂടി.
പിന്നീട് ജാഫർഖാൻ കുടുംബത്തിന്റെ കാര്യസ്ഥനായി ഏറെക്കാലം ജോലി ചെയ്തു. കുറച്ചു വർഷങ്ങളായി കാസർകോട്ട് സഹോദരീഭർത്താവിന്റെ ബിസിനസ് നോക്കി നടത്തുകയായിരുന്നു. ചേക്കുവിന്റെ കായലത്തെ ചെറിയവീട്ടിൽ ഭാര്യയും മകളുമാണുള്ളത്. കാസർകോട്ടെ ജോലി സ്ഥലത്തുനിന്ന് മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് നാട്ടിൽ വരാറുള്ളത്. സഹോദരീ ഭർത്താവിന്റെ വീടിനോട് ചേർന്നുള്ള മുറിയിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് ഇവിടെവെച്ചായിരുന്നു മരണം.
കായലം മുഹമ്മദിയ്യ ജുമാ മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കദീജ പടനിലം. മക്കൾ: റഹിയ, റസ്ന. മരുമകൻ: ഷരീഫ് മാത്തറ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, അബ്ദുസ്സലാം, കദീജ ചേവായൂർ, സാജിത കാസർകോട്, ഹഫ്സത്ത് വാഴക്കാട്, സ്വാലിഹ കൊളത്തറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

