Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‍ലിം സ്ത്രീ...

മുസ്‍ലിം സ്ത്രീ ഭർത്താവല്ലാത്ത ഒരാളോട് സംസാരിക്കാൻ പാടില്ല എന്ന ചിന്താഗതി താലിബാനിസം, ഇത് തീവ്രവാദമല്ല അതിഭീകരത -പി.കെ. ശ്രീമതി

text_fields
bookmark_border
മുസ്‍ലിം സ്ത്രീ ഭർത്താവല്ലാത്ത ഒരാളോട് സംസാരിക്കാൻ പാടില്ല എന്ന ചിന്താഗതി താലിബാനിസം, ഇത് തീവ്രവാദമല്ല അതിഭീകരത -പി.കെ. ശ്രീമതി
cancel


കണ്ണൂർ: യുവാവുമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ മമ്പറം കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. ‘വടക്കേ ഇന്ത്യയിൽ കണ്ടിട്ടുള്ള സംഭവങ്ങളുടെ സമാന സ്വഭാവമുള്ളതാണ് കായലോട് നടന്നത്. തീവ്രവാദ പ്രവർത്തനത്തി​​ന്റെ ഭീകരത എത്രത്തോളമാണ് എന്നത് ബോധ്യപ്പെടുത്തുന്ന സംഭവമാണിത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണവർ. തന്റെ ഭർത്താവല്ലാത്ത ഒരാളോട് മുസ്‍ലിം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന അവരുടെ ചിന്താഗതി താലിബാനിസമാണ്. ഇത് തീവ്രവാദമല്ല, അതിനുമപ്പുറം അതിഭീകരതയാണ്. യഥാർത്ഥത്തിൽ ഇത് ആൾക്കൂട്ടക്കൊലയാണ്’ -ശ്രീമതി പറഞ്ഞു.

‘നിയമം ​കൈയിലെടുക്കാൻ ഇവർക്കാരാണ് അധികാരം നൽകിയത്. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേരെ മാത്രമല്ല, അതിൽ ഇടപെട്ട മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഇത്തരം ഭീകര പ്രവർത്തനവും തീവ്രവാദ വർഗീയ പ്രവർത്തനവും അവസാനിപ്പിച്ചേ പറ്റൂ. അത് കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്നുവരണം. അരാജകത്വത്തിലേക്കും അസാൻമാർഗികതയിലേക്കും പോകുന്നതിനോട് ആർക്കും യോജിക്കാനാവില്ല. ഈ തീവ്രവാദികളുടെ മനസ്സിലിരിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് മുളയി​ലേ നുള്ളിക്കളയണം. ഇത് അതിശക്തമായി എതിർക്കണം’ -അവർ പറഞ്ഞു.

മുഖ്യമന്ത്രിയു​ടെ മണ്ഡലത്തിലെ പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് ഇന്ന സ്ഥലത്ത് എന്നതല്ല, കേരളത്തിൽ എവിടെയായാലും പിന്നീട് ജീവിച്ചിരിക്കാൻ തോന്നാത്ത തരത്തിലുള്ള അതിഭീകരമായ മാനസിക പീഡനമാണ് ആ സഹോദരി അനുഭവിച്ചത് എന്നും ശ്രീമതി പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് മമ്പറം കായലോട് പറമ്പായി പള്ളിക്ക് സമീപത്തെ റസീന മൻസിലിൽ റസീനയെ (40) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ സി.കെ. റഫ്നാസ് (24) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

ആത്മഹത്യ കുറിപ്പിൽ നിന്നുള്ള സൂചനയെ തുടർന്നാണ് ആൾക്കൂട്ട വിചാരണയിൽ മനം നൊന്താണ് മരണമെന്ന് കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പിൽനിന്ന് പ്രതികളിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ട വിചാരണയിൽ കൂടുതൽ ആളുകളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം മയ്യിൽ സ്വദേശിയായ ആൺസുഹൃത്തുമായി യുവതി കാറിനരികിൽ സംസാരിച്ചിരിക്കുന്നത് സ്ഥലത്തെത്തിയ സംഘം ചോദ്യം ചെയ്തു. ആൺസുഹൃത്തിനെ തടഞ്ഞുവെച്ചതിന് ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചു. യുവാവിനെ കൈയേറ്റം ചെയ്ത് സമീപത്തെ മൈതാനത്ത് എത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ട വിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. രാത്രി എട്ടരയോടെ പറമ്പായിയിലെ എസ്.ഡി.പി.ഐ ഓഫിസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. 10ന് ശേഷമാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. സംഘം കൈക്കലാക്കിയ യുവാവിന്റെ മൊബൈൽ ഫോണും ടാബും തിരിച്ചുനൽകിയില്ല. അറസ്റ്റുചെയ്ത ശേഷം ഫോണും ടാബും പ്രതികളിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും പിണറായി സ്റ്റേഷൻ ഹൗസ് ഓഫിസർ എൻ. അജീഷ് കുമാർ പറഞ്ഞു. എസ്.ഐ ബി.എസ്. ബാവിഷിനാണ് അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moral policingPK Sreemathi
News Summary - pk sreemathi against moral policing
Next Story