പി.കെ. ശശി; എന്നും പിണറായിയുടെ വിശ്വസ്തൻ
text_fieldsപാലക്കാട്: കെ.ടി.ഡി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.കെ. ശശി എന്നും പിണറായിയുടെ വിശ്വസ്തനായിരുന്നു. വിവാദങ്ങൾ ഒന്നൊന്നായി ശശിയെ തേടിയെത്തിയപ്പോഴും കെ.ടി.ഡി.സി അധ്യക്ഷ സ്ഥാനത്തിന് ഇളക്കം തട്ടാതിരുന്നതും ആ ഊഷ്മള ബന്ധത്തിന്റെ കരുത്തായിരുന്നു.
സംസ്ഥാനമൊട്ടുക്കും വി.എസ് തരംഗം അലയടിച്ചപ്പോൾ എതിർചേരിയിൽ പിണറായി വിജയന് വേണ്ടി ജില്ലയിലെ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ് പി.കെ. ശശി. ജില്ല വി.എസിനോട് കൂറുകാണിച്ച് നിന്നപ്പോഴെല്ലാം ഒറ്റയാൾ പട്ടാളമായി ശശി പിണറായി പക്ഷത്ത് നിലകൊണ്ടു. ജില്ലയിൽ ശക്തനായി നിലകൊണ്ടപ്പോഴൊന്നും അധികാരത്തിനായി തന്റെ നിലപാടുകൾക്ക് മാറ്റം വരുത്തിയിരുന്നില്ല. കാര്യകാരണങ്ങൾ മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരനാണ് അദ്ദേഹം.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച വികസന മുന്നേറ്റ യാത്രയിൽനിന്ന് വിട്ടുനിന്ന ശശി വി.ഡി. സതീശന്റെ പുതുയുഗ യാത്രയിലും പങ്കുകൊണ്ടില്ല. വലതുപക്ഷത്തേക്ക് ശശി നീങ്ങുന്നു എന്നതിനെ തടയിടുന്നതായിരുന്നു ഈ നടപടി. ആരോഗ്യപ്രശ്‌നങ്ങളാലാണ് എൽ.ഡി.എഫ് ജാഥയിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് ശശി പറഞ്ഞിരുന്നത്. എന്നാൽ, ജില്ല നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് ശശിയോടടുപ്പമുള്ളവർ പറയുന്നത്. രാഷ്ട്രീയേതര ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വം കൂടിയാണ് ശശി. മുസ്‍ലിംലീഗ് നേതാക്കളുമായാണ് വ്യക്തിബന്ധങ്ങൾ കൂടുതൽ വെച്ചുപുലർത്തുന്നത്. ലീഗുമായുള്ള ബന്ധങ്ങൾ പലപ്പോഴും ശശിയെ സംശയമുനയിൽ നിർത്താൻ പാർട്ടിക്ക് കാരണമായിരുന്നു.
പാർട്ടിയിൽ കടിച്ചുതൂങ്ങി നിൽക്കുന്നതിനോട് ശശി അനുകൂലികളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. പാർട്ടിയിൽ തുടരാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ തുടർനടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലും ശശി പങ്കെടുക്കാതിരുന്നത്, തന്നെ തള്ളുമോ കൊള്ളുമോ എന്നതിലുള്ള സി.പി.എം നിലപാട് വ്യക്തമായ ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നുവേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

