മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് എത്ര അനിവാര്യമോ, അതിനേക്കാൾ അനിവാര്യമാണ് മലപ്പുറത്തും പുതിയ ജില്ലയെന്ന് പി.കെ. നവാസ് എം.എൽ.എ
text_fieldsപി.കെ. നവാസ് എം.എൽ.എ
മലപ്പുറം: എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകൾ പരിശോധിച്ചാൽ അതിനേക്കാൾ അനിവാര്യമാണ് മലപ്പുറത്തും ഒരു പുതിയ ജില്ലയെന്ന് മുസ്‍ലിം ലീഗ് എം.എൽ.എ പി.കെ. നവാസ്. പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നവാസിന്റെ അഭിപ്രായപ്രകടനം.
‘മൂവാറ്റുപുഴ ജില്ല കേരളത്തിന്റെ അനിവാര്യതയാണ്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനും ഭരണസൗകര്യം വർധിപ്പിക്കാനും തീർച്ചയായും ഒരു പുതിയ ജില്ല എന്നത് ഗുണകരവും വികസനത്തിന് സൗകര്യപ്രദവുമാണ്. 32 ലക്ഷം ജനസംഖ്യ, 3,068 ചതുരശ്ര കിലോമീറ്റർ വിസ്തീർണം, 1,072 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രത എന്നിവയുള്ള എറണാകുളത്ത് ഒരു പുതിയ ജില്ല യാഥാർഥ്യമാകണം (2011 സെൻസസ്).
എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അത്രതന്നെ, കണക്കുകൾ പരിശോധിച്ചാൽ അതിനേക്കാൾ അനിവാര്യമാണ്, മലപ്പുറത്തും ഒരു പുതിയ ജില്ല. 41.13 ലക്ഷം ജനസംഖ്യ, 3,550 ചതുരശ്ര കിലോമീറ്റർ വിസ്തീർണം, 1,157 പേർ/ചതുരശ്ര കിലോമീറ്റർ ജനസാന്ദ്രതയുള്ള മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കണക്കുകളുടെ അടിസ്ഥാനത്തിലും പ്രസക്തമാണ് (2011 സെൻസസ്).
ആദ്യം ഏത് വേണമെന്നതിലല്ല കാര്യം. കണക്കുകളും ഭരണപരമായ ആവശ്യകതയും ഒരു പുതിയ ജില്ല അനിവാര്യമാക്കുന്നുവെങ്കിൽ, രണ്ട് ജില്ലകളും പിറക്കണം.’ -നവാസ് കുറിച്ചു.
പത്ത് വർഷം അനീതി കാണിച്ച സർക്കാറിന് അന്ത്യം കുറിച്ചാണ് വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നതെന്നും മൂന്ന് മാസം കൊണ്ട് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ യു.ഡി.എഫ് സർക്കാറിന് പുതിയ ജില്ലകൾ രൂപവത്കരിക്കാൻ കഴിയുമെന്നും താനൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നവാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

