അയ്യപ്പഭക്തർക്ക് പൊറുക്കാനാവാത്ത തെറ്റാണ് പത്മകുമാറിൽ നിന്നുണ്ടായതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ഞെട്ടിക്കുന്ന വിവരങ്ങളാണ് ശബരിമല സ്വർണകൊള്ള സംബന്ധിച്ച് പുറത്ത് വരുന്നതെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ ഒരുതരി സ്വർണം പോലും നഷ്ടമാകില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. ഇപ്പോൾ ശബരിമലയിൽ ഒരു തരി സ്വർണം പോലും ബാക്കിയില്ലാത്ത സ്ഥിതിയാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരിക്കുമ്പോഴാണ് ശബരിമലയിൽ സ്വർണക്കൊളള നടന്നത്. വാതിലടക്കം അടിച്ച് കൊണ്ട് പോവുകയാണ് ചെയ്തത്. രാഷ്ട്രീയപാരമ്പര്യമുള്ളവരാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമാകുന്നത്. അയ്യപ്പവിശ്വാസികൾക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ശബരിമലയിൽ ഉണ്ടായതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹൈകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമായതിനാലാണ് ഇതെല്ലാം പുറത്ത് വന്നത്. അല്ലെങ്കിൽ ഈ വിവരങ്ങളൊന്നും പുറത്ത് വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. പത്മകുമാറിനെ കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

