'അൻവറിന്റെ കാര്യത്തിൽ നാളെ വൈകുന്നേരത്തിനുള്ളിൽ തീരുമാനമെടുക്കും'; അതിനിടയിൽ മറ്റു ചർച്ചകളില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ (വെള്ളിയാഴ്ച) വൈകുന്നേരത്തോടുകൂടി ഉണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇതിനിടെയിൽ ചർച്ചയോ മറ്റുനീക്കങ്ങളോ ഒന്നുമുണ്ടാവില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കളുടെ കൂടിയാലോചന യോഗം നാളെ വൈകുന്നേരമാണ് നിശ്ചയിച്ചിരിക്കുന്നത്. അതിൽ അൻവറിന്റെ കാര്യത്തിൽ ഒരു അവസാന തീരുമാനം യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അൻവർ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമോ, വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നാണ് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ യു.ഡി.എഫിന്‍റെ തീരുമാനം അപ്പോള്‍ പറയാം. ആദ്യം മുതല്‍ക്കെ ഇതല്ലാതെ ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ആരെയെങ്കിലും പ്രകോപിപ്പിച്ചു കൊണ്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല -സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും സതീശനും വ്യക്തമാക്കി. അതേസമയം, പ്രതീക്ഷ അവസാനിച്ചെന്ന മട്ടിലുള്ള പ്രതികരണമാണ് അൻവർ നടത്തിയത്.
കെ.സി വേണുഗോപാൽ താനുമായുള്ള ചർച്ച വേണ്ടെന്നുവെച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പി.വി അൻവർ. യു.ഡി.എഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ടെന്നും അൻവർ ആരോപിച്ചു.
പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും തന്നെ ഒതുക്കാനാണ് യു.ഡി.എഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വി.ഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്നും അൻവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

