Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കാലം ശരിവെച്ച...

'കാലം ശരിവെച്ച തീരുമാനങ്ങളുടെ ആദ്യ കേൾവിക്കാരനായത് മഹത്തായ സൗഭാഗ്യം': ശിഹാബ് തങ്ങളെ അനുസ്മരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK KUNHALIKKUTTY WITH PANAKKAD MOHAMMAD ALI SHIHAB THANGAL
cancel

മലപ്പുറം : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേർപാടിന്റെ പതിനേഴാം വാർഷികത്തിൽ പ്രിയ നേതാവിന്റെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കാലം ശരിവെച്ച പൊന്നിൻ തിളക്കമുള്ള തങ്ങളുടെ തീരുമാനങ്ങളുടേയും നിർദ്ദേശങ്ങളുടെയും ആദ്യ കേൾവിക്കാരനാകാനും അത് കൈകാര്യം ചെയ്യാൻ ഏൽപിക്കപ്പെട്ടവനാകാനും കഴിഞ്ഞത് ജീവിതത്തിലെ മഹത്തായ സൗഭാഗ്യമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അൽ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങൾ നാട്ടിലെത്തിയത് മുതൽ ഒരുമിച്ചൊഴുകിയ ബന്ധമാണ് 17 വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയതെന്ന് കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തങ്ങൾ ഒരേ സമയം നേതാവും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നുവെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും ആ സ്നേഹവും കരുതലും ഒപ്പമുണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ട വേളയിലടക്കം സമാധാനവും സൗഹാർദ്ദവും നിലനിർത്താൻ ശിഹാബ് തങ്ങൾ സ്വീകരിച്ച ദീർഘവീക്ഷണമുള്ള തീരുമാനങ്ങളെ കുഞ്ഞാലിക്കുട്ടി പോസ്റ്റിൽ പ്രത്യേകം സ്മരിക്കുന്നുണ്ട്. പ്രകോപനങ്ങൾക്ക് വഴങ്ങാതെ നാടിന്റെ സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ വരുംകാലത്ത് പ്രസക്തമായവയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കാലം എത്ര കഴിഞ്ഞാലും ആ പുഞ്ചിരിയും സാന്നിധ്യവും മനസ്സിൽ നിന്ന് മായില്ല...

തങ്ങളില്ലാത്ത പതിനേഴ് വർഷങ്ങളെന്നത് ജീവിതത്തിലെ വലിയൊരു നഷ്ട കാലം കൂടിയാണ്. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കരുത്തും കരുതലുമായി തങ്ങളുണ്ടായിരുന്ന കാലം.

അൽ അസ്ഹറിലെ പഠനം കഴിഞ്ഞ് തങ്ങൾ നാട്ടിലെത്തിയ കാലം മുതൽ ഒരുമിച്ചൊഴുകിയ ഒരൊഴുക്കാണ് പതിനേഴ് വർഷങ്ങൾക്ക് മുൻപുള്ളൊരു ആഗസ്റ്റ് ഒന്നിന് നിലച്ചു പോയത്. ഒരേ സമയം നേതാവും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നു തങ്ങൾ.

എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും ആ സ്നേഹവും കരുതലും ഒപ്പമുണ്ടായിരുന്നു.

പ്രകടനപരതയും, ഒച്ചപ്പാടുകളുമല്ല ഒരു നേതാവിന്റെ കരുത്തും ശേഷിയുമെന്ന് ഞാൻ പഠിച്ചതും മനസ്സിലാക്കിയതും തങ്ങളിൽ നിന്നാണ്. നിലപാടുകളിലും തീരുമാനങ്ങളിലും ദീർഘവീക്ഷണത്തിലും സാമൂഹിക ബോധ്യങ്ങളിലും കരുത്തനായൊരു നേതാവിന്റെ തലയെടുപ്പായിരുന്നു തങ്ങൾക്ക് , അതെ സമയം ആ നേതാവിന്റെ മുഖമുദ്ര നിറ പുഞ്ചിരിയും പതിഞ്ഞ വാക്കുകളും സൗമ്യതയുമായിരുന്നു. ആ വിസ്മയത്തെയാണ് ഞാനെപ്പോഴും അത്ഭുതാദരവുകളോടെ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തത്.

പ്രതിസന്ധി ഘട്ടങ്ങളിലും പ്രകോപനങ്ങളിലും പതറാത്ത അദ്ദേഹത്തിന്റെ നിലപാടുകൾ നാം പലതവണ നേരിട്ടനുഭവിച്ചു. ബാബരി മസ്ജിദ് വിഷയത്തിൽ ഉൾപ്പെടെ ഉണ്ടായ തീരുമാനങ്ങളും നിലപാടുകളും പിന്നീട് ചരിത്രത്തെ തന്നെ നിർണയിച്ചത് നമ്മൾ കണ്ടതാണ്.

എന്ത് വിലകൊടുത്താലും സമാധാനവും സൗഹാർദ്ദവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ പതിഞ്ഞതും ദൃഢമുള്ളതുമായ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. പിന്നീട് കാലം ശരിവെച്ച പൊന്നിൻ തിളക്കമുള്ള ആ തീരുമാനങ്ങളുടേയും നിർദ്ദേശങ്ങളുടെയും ആദ്യ കേൾവിക്കാരനാകാനും അതിന്റെ കൈകാര്യക്കാരനാകാൻ തങ്ങളാൽ ഏൽപിക്കപ്പെട്ടവനാകാനും ഉണ്ടായ അവസരങ്ങൾ ജീവിതത്തിലെ മഹത്തായ സൗഭാഗ്യങ്ങളായിരുന്നു.

തങ്ങളില്ലാത്ത കാലത്തിന് ദൈർഘ്യമേറുമ്പോഴും ആ ഓർമകൾക്ക് കനം കൂടി വരികയാണ്. ആ വലിയ മനുഷ്യൻ പകർന്നുനൽകിയ പാഠങ്ങളും സ്നേഹവും ഓർമ്മകളും തന്നെയാണ് മുന്നോട്ട് നടക്കാൻ എനിക്ക് കരുത്താകുന്നത്.

ആ സ്നേഹസാന്നിധ്യത്തിന്റെ, പ്രിയപ്പെട്ട തങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുൻപിൽ…

പ്രാർത്ഥനകളോടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttydeath anniversaryIndian Union Muslim Leaguepanakkad muhammadali shihab thangal
News Summary - PK Kunhalikutty Remembers Panakkad Shihab Thangal on 17th Death Anniversary
Next Story