പിണറായി സർക്കാറിന്റെ നില പരുങ്ങലിൽ; ഷാഫിയെ ആക്രമിച്ചത് സ്വർണകൊള്ള വഴിതിരിച്ചുവിടാൻ -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsപി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പിൽ
കോഴിക്കോട്: ശബരിമല വിഷയം കൂടുതൽ ചർച്ച ചെയ്താൽ പിണറായി സർക്കാറിന്റെ നില പരുങ്ങലിലാവുമെന്നും വിഷയം വഴിതിരിച്ചു വിടാനാണ് ഷാഫിയെ ആക്രമിച്ചതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഷാഫി പറമ്പിൽ എം.പിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാറിന് കിട്ടാവുന്ന ഏറ്റവും വലിയ ശാപമാണ് ശബരിമല സ്വർണകൊള്ളയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടത്തിയ മർദനം ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടായിരുന്നു. മർമത്തിൽ തന്നെ അടികൊള്ളണമെന്ന് പൊലീസിനും നിർബന്ധമുള്ളതിനാലാണ് പിറകിൽ നിന്ന് തലക്കടിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എം.പിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദര്‍ശിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട പ്രതിപക്ഷ നേതാവ് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തി മനപൂര്‍വമായാണ് ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് ആക്രമിച്ചത്. ആയിരത്തില്‍ അധികം പേരുണ്ടായിരുന്ന യു.ഡി.എഫ് പ്രകടനത്തെ പൊലീസ് തടുത്ത് നിര്‍ത്തുകയായിരുന്നു. അന്‍പതു പേര്‍ മാത്രമുണ്ടായിരുന്ന സി.പി.എമ്മുകാരെയായിരുന്നു പൊലീസ് മാറ്റേണ്ടിയിരുന്നത്.
യു.ഡി.എഫുകാരെ തടുത്ത് നിര്‍ത്തിയിട്ടാണ് എസ്.പി പറഞ്ഞതു പോലെ ലാത്തി ചാര്‍ജിന് ഉത്തരവില്ലാതെ പൊലീസുകാര്‍ തലക്കും മുഖത്തും അടിച്ചത്. ഡി.വൈ.എസ്.പിയാണോ ഗ്രനേഡ് എറിയുന്നത്? ആള്‍ക്കൂട്ടത്തിനു നേരെയല്ല ഗ്രനേഡ് എറിയേണ്ടത്. അതിനൊക്കെ ഒരു നടപടിക്രമമുണ്ട്. ആളില്ലാത്ത സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകള്‍ പിരിഞ്ഞു പോകുന്നത്.
ഒരു പ്രവര്‍ത്തകന്റെ മുഖത്തേക്കാണ് ഗ്രനേഡ് എറിഞ്ഞത്. മുഖമാണ് തകര്‍ന്നു പോയത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് ഗ്രനേഡ് എറിഞ്ഞത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണ്. അതൊക്കെ കൈകാര്യം ചെയ്യും. ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

