'രാവ് പുലരുവോളം പാട്ടും കൂത്തും നടത്താം, ജനനന്മ ഉദ്ദേശിച്ചുള്ള പരിപാടി പത്ത് മിനുട്ട് പോലും അധികം പാടില്ല'; പൊലീസ് കാണിച്ച കോപ്രായത്തിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടതെന്ന് സർക്കാറിനോട് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ലഹരിക്കെതിരെ വിസ്ഡം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സ്റ്റുഡൻറ്സ് കോൺഫറൻസ് നിർത്തിവെപ്പിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
പെരിന്തൽമണ്ണയിൽ ലഹരിക്കെതിരെ നടത്തിയ പരിപാടിയോട് പൊലീസ് കാണിച്ച കോപ്രായത്തിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടതെന്നും ലഹരിയുടെ വിഷയത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും നിലപാട് എന്താണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ചോദിച്ചു.
രാവ് പുലരുവോളം പാട്ടും കൂത്തും നടക്കുന്ന നാട്ടിൽ ജനനന്മ ഉദ്ദേശിച്ച് നടത്തിയ ഒരു പരിപാടി പത്ത് മിനുട്ട് പോലും അധികം തുടരാൻ പാടില്ലെന്ന ശാഠ്യം എന്തിനോടുള്ള അസഹിഷ്ണുതയായിട്ടാണ് കാണേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് വിസ്ഡം സംഘടിപ്പിച്ച കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചത്. അനുവദിച്ച സമയപരിധി കഴിഞ്ഞുവെന്ന് പറഞ്ഞാണ് രാത്രി 10ന് പൊലീസ് സമ്മേളന വേദിയിലേക്ക് കടന്നുവന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ, 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും ക്രമീകരിച്ചതെന്നും പൊലീസെത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നെന്നും ഉടൻ നിർത്താമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ പൊലീസ് നിർത്താൻ ആക്രോശിക്കുകയായിരുന്നുവെന്നാണ് വിസ്ഡം നേതാക്കൾ പറയുന്നത്.
സമ്മേളന വേദിയിൽ നിന്നും മടങ്ങും വഴി പൊലീസുകാരൻ വിദ്യാർഥികൾക്ക് നേരെ ഗോഷ്ടി കാണിച്ച സംഭവം വ്യാപകമായ വിമർശനത്തിനും ഇടയാക്കി.
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"ലഹരിയുടെ വിഷയത്തിൽ സർക്കാരിന്റെയും പോലീസിന്റെയും നിലപാട് എന്താണ് ? കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ലഹരിക്കെതിരെ നടത്തിയ പരിപാടിയോട് പോലീസ് കാണിച്ച കോപ്രായത്തിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.
രാവ് പുലരുവോളം പാട്ടും കൂത്തും നടക്കുന്ന നാട്ടിൽ ജനനന്മ ഉദ്ദേശിച്ച് നടത്തിയ ഒരു പരിപാടി പത്ത് മിനുട്ട് പോലും അധികം തുടരാൻ പാടില്ലെന്ന ശാഠ്യം എന്തിനോടുള്ള അസഹിഷ്ണുതയായിട്ടാണ് കാണേണ്ടത്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

