സംസ്ഥാന സർക്കാറിന് ജനപ്രീതിയില്ല -കുഞ്ഞാലിക്കുട്ടി
text_fieldsകോഴിക്കോട്: സംസ്ഥാനസർക്കാർ തീർത്തും ജനപ്രിയമല്ലാതായെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പുതിയ കോളജുകളോ ഹയർസെക്കൻഡറി സ്കൂളുകളോ അനുവദിക്കാതെ വിദ്യാർഥികളെ സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്നും എം.എസ്.എഫ് സംഘടിപ്പിച്ച 'വേര്' കാമ്പയിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്ലസ് ടുവിന് പഠിക്കാൻ സീറ്റില്ലാതെ കുട്ടികൾ അലഞ്ഞുനടക്കുകയാണ്. പുതിയ സ്കൂളുകൾ അനുവദിക്കാത്തതിലും വലിയ പാപമുണ്ടോയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. വിദ്യാഭ്യാസരംഗത്ത് പുതുചരിത്രമെഴുതിയതിൽ മുസ്ലിം ലീഗിനും നിർണായകപങ്കുണ്ട്. പ്രഫഷനൽ കോളജുകളടക്കം വ്യാപകമാക്കിയത് യു.ഡി.എഫ് സർക്കാറാണ്.
കാലിക്കറ്റ്, മലയാളം, സംസ്കൃതം സർവകലാശാലകൾ തുടങ്ങിയതും ലീഗാണ്. അക്ഷയ അടക്കമുള്ള ഐ.ടി പദ്ധതികളും നടപ്പിലാക്കി. ലീഗ് രാഷ്ട്രീയം വർഗീയവും വിഭാഗീയവുമല്ല. എം.എസ്.എഫിന്‍റെ പരിപാടിക്ക് പതിനായിരത്തിലേറെ കുട്ടികൾ എത്തിയത് ബിരിയാണി കിട്ടുമെന്ന് കരുതിയല്ലെന്നും കുഞ്ഞാലിക്കുട്ടി കളിയാക്കി. എതിരെ എത്ര വാർത്തയെഴുതിയാലും മാധ്യമസ്വാതന്ത്ര്യത്തിനായി പോരാടാൻ സംഘടന മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വപ്നനഗരിയിൽ നടന്ന ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അധ്യക്ഷനായിരുന്നു. മാധ്യമപ്രവർത്തകൻ ആദിത്യ മേനോൻ മുഖ്യാതിഥിയായിരുന്നു. ദേശീയമാധ്യമങ്ങൾ ഇസ്ലാമോഫോബിയയുടെ പ്രചാരകരായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, വി.കെ. ഫൈസൽ ബാബു, ടി.പി. അഷ്റഫലി, അബ്ദുറഹിമാൻ രണ്ടത്താണി, ടി.എ. അഹമ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു. സി.കെ. നജാഫ് സ്വാഗതവും അഷർ പെരുമുക്ക് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ സംവാദവും നടന്നു.